കൊല്ലം: സ്കൂളിലെ സീനിയര്‍ വിദ്യാര്‍ഥിനികള്‍ ആറാംക്ലാസുകാരിയുടെ മുടി മുറിച്ചതായി പരാതി
ഇവര്‍ പുക വലിച്ചത് അബദ്ധത്തില്‍ കണ്ടുപോയതിനാണ് കുട്ടിയുടെ മുറിച്ചതെന്നാണ് ആരോപണം.
പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കൊല്ലം നഗരത്തിലെ പ്രധാന സ്കൂളില്‍വച്ച് കഴിഞ്ഞ 23ന് ഓണാഘോഷദിനത്തിലാണ് സംഭവമുണ്ടായത്. സ്കൂളിലെ ശുചിമുറിയില്‍വച്ച് പത്താം ക്ലാസിലെ ആറു പെണ്‍കുട്ടികള്‍ പുകവലിച്ചു.
ഇതു കണ്ടതോടെ ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ഇവര്‍ മര്‍ദിച്ചെന്നും, മുടി മുറിച്ചെന്നുമാണ് കുട്ടി പറയുന്നത്. സംഭവത്തില്‍ പെൺകുട്ടിയുടെ രക്ഷിതാക്കൾ ശിശുക്ഷേമസമിതിക്ക് പരാതി നൽകി. സ്കൂള്‍ അധികൃതരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം സംഭവം നടന്നിട്ടുണ്ടോയെന്ന് ഇപ്പോള്‍ ഉറപ്പ് പറയാനാവില്ലെന്ന് കുട്ടിയെ കൗണ്‍സിലിംഗ് ചെയ്ത ശിശുസംരക്ഷണ സമിതി അംഗങ്ങള്‍ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കുട്ടി പറയുന്ന ചില കാര്യങ്ങളില്‍ വ്യക്തത കുറവുണ്ടെന്നും സമിതി അറിയിച്ചു.



