പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ് മാതൃരാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ച് വിദേശത്ത് കുടിയേറി പൗരത്വം നേടിയത്.

കഴിഞ്ഞ വർഷം മാത്രം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു പോയത് 1.63 ലക്ഷം പേരാണ്. ഇതിൽ പകുതി പേരും അമേരിക്കൻ പൗരന്മാരായപ്പോൾ 21,597 പേർ കനേഡിയൻ പൗരത്വം സ്വീകരിച്ചു. ഇന്ത്യക്കാരുടെ വിദേശ കുടിയേറ്റത്തിൽ 2021 ലെ കണക്കിൽ അമേരിക്കയ്ക്കും ഓസ്ട്രേലിയക്കും പിന്നിൽ മൂന്നാം സ്ഥാനമാണ് കാനഡയ്ക്ക്.

വിദേശത്തെ തൊഴിലും കുടിയേറ്റവും മോഹിക്കുന്ന മലയാളികൾക്ക് ഇപ്പോൾ ശുഭകരമായ വാർത്തയാണ് കാനഡയിൽ നിന്ന് വരുന്നത്. 10 ലക്ഷത്തോളം തൊഴിലവസരങ്ങളുമായാണ് കാനഡ വിളിക്കുന്നത്. ഭാഷാ അഭിരുചി അടക്കം കടമ്പകൾ എളുപ്പമല്ലെങ്കിലും കാനഡയിൽ ഒരു ജോലി സ്വപ്നം കാണുന്നവർക്ക് ഇതാണ് ബെസ്റ്റ് ടൈം. വ്യാപ്തി കൊണ്ട് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ കാനഡയുടെ വിശേഷങ്ങളും തൊഴിലവസരങ്ങളെക്കുറിച്ചും അറിയാം;

കാനഡ – കുടിയേറ്റക്കാരുടെ പുത്തൻ പറുദീസ

സമ്മിശ്ര സമൂഹമാണ് കാനഡയുടേത്. വിവിധ രാജ്യക്കാരും അവരുടെ പിൻതലമുറയുമായി ഒരു ബഹുസ്വര സമൂഹം. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഭൂരിപക്ഷത്തിന്റെയും ജന്മനാട് കാനഡയല്ല. കൂടുതലും വരത്തന്മാരാണെന്ന് ചുരുക്കം. നിലവാരമുള്ള വിദ്യാഭ്യാസത്തിന് പേരുകേട്ട രാജ്യത്തെ 60 ശതമാനത്തോളം യുവാക്കളും ബിരുദം നേടിയവരാണ്. വികസിത രാജ്യമായ കാനഡയിലെ ആകെ ജനസംഖ്യ 3.8 കോടിയോളമാണ്. ഇതിൽ കനേഡിയൻസ് എന്ന് പറയാവുന്നത് 32.3 ശതമാനം മാത്രം. ഇംഗ്ലീഷ് 18.3, സ്കോട്ടിഷ് 13.9, ഫ്രഞ്ച് 13.6, ഐറിഷ്-13.4, ജർമ്മൻ 9.6, ഫ്രഞ്ച് 11, എന്തിനധികം പറയണം പഞ്ചാബികൾ തന്നെ 1.4 ശതമാനമുണ്ട്.

2016 ന് ശേഷം കാനഡയിലേക്ക് ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുടെ ഒഴുക്കുണ്ടായത് ഇന്ത്യയിൽ നിന്നാണ്. ആറ് വർഷത്തിനിടെ കുടിയേറിയവരിൽ 30 ശതമാനവും ഇന്ത്യക്കാരാണ്. ഇന്ത്യൻ വേരുകളുള്ള 14 ലക്ഷം പേരുണ്ട് ഇപ്പോൾ കാനഡയിൽ. കഴിഞ്ഞ വർഷം മാത്രം കുടിയേറ്റക്കാരായി കാനഡ സ്വീകരിച്ചത് 1,28,000 ഇന്ത്യക്കാരെയാണ്. ഈ വർഷവും ഇതിൽ ഒട്ടും കുറയില്ല. ജസ്റ്റിൻ ട്രൂഡോ സർക്കാർ അധികാരമേറ്റ ശേഷം ഓരോ വർഷവും ഈ സംഖ്യ കൂടിക്കൂടി വരുകയായിരുന്നു.

കാനഡയിലെ ഉന്നതപഠന സാധ്യതകളും ജോലി സാധ്യതകളും 

വിദേശികൾക്ക് ലഭിച്ചുവരുന്ന മികച്ച സ്വീകരണവും പഠിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച സാഹചര്യങ്ങളും മികച്ച ശമ്പളവുമാണ് മുഖ്യ ആകർഷണം. ചരിത്രത്തിലെ ഏറ്റവും കൂടുതൽ പേർക്കാണ് ഈ വർഷം കാനഡ പി.ആർ നൽകാൻ ഒരുങ്ങുന്നത്. ഏകദേശം 4.3 ലക്ഷം പേർക്ക്. പെർമനന്റ് റെസിഡന്റ്. അതായത് പി.ആറിനായി എക്സ്പ്രസ് എൻട്രി വഴി ശ്രമിക്കുന്നവർക്ക് ഇതാണ് സുവർണാവസരം. 10 ലക്ഷം തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നത്. നിർമ്മാണമേഖല, പ്രഫഷണലുകൾ, ശാസ്ത്രരംഗം, സാങ്കേതിക സേവനം, ഗതാഗതം, വെയർഹൗസിങ്, ധനകാര്യം ഇൻഷുറൻസ്, വിനോദം റിക്രിയേഷൻ, റിയൽ എസ്റ്റേറ്റ് മേഖലകളിലാണ് അവസരങ്ങളുള്ളത്. കനേഡിയൻ എംപ്ലോയീ റീലൊക്കേഷൻ കൗൺസിലിന്റെ സർവെ പ്രകാരം ഐആർസിസിയിലെ അപേക്ഷകരുടെ എണ്ണം 27 ലക്ഷത്തോളമായി.

Temporaray Resident, Permenant Resident– ഇതാണ് രണ്ട് തരം. എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലെ കട്ട് ഓഫ് സ്കോറാണ് കാര്യങ്ങൾ നിശ്ചയിക്കുക. പ്രായം ചെറുപ്പം, ഉയർന്ന വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലെ പരിജ്ഞാനം എന്നിവ മുഖ്യമാണ്. ഐടിഎ അപേക്ഷ കിട്ടാൻ ഇതെല്ലാം പ്രധാനമാണ്. ഏറ്റവും ഒടുവിൽ നടന്ന ഡ്രോയിൽ കട്ട് ഓഫ് സ്കോർ 533 ആയിരുന്നു. അതിൽപെട്ട 2000 ത്തോളം പേർക്കാണ് പി.ആർ ലഭിച്ചത്. കോവിഡിന് ശേഷം മൂന്നാമത്തെ ഡ്രോയാണ് ഓഗസ്റ്റിൽ നടന്നത്. ഓരോ മാസം കഴിയുമ്പോഴും സ്കോർ കുറഞ്ഞുവരുന്നുണ്ട്. വരുംമാസങ്ങൾ കുറഞ്ഞ സ്കോർ വരുന്നവർക്കും അവസരം ലഭിച്ചേക്കും.

പി.ആർ വേഗം കിട്ടാനുള്ള വഴികൾ

എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ ഉയർന്ന റാങ്ക് കിട്ടിയാൽ, ഏതെങ്കിലും പ്രവിശ്യയോ പ്രദേശമോ നിങ്ങളെ നോമിനേറ്റ് ചെയ്താൽ ഒക്കെ പി.ആർ വേഗം കിട്ടുന്നതിന് സഹായിക്കും. ഇതിന് ശ്രമിക്കുന്നവർ പ്രഫഷണൽ കൺസൾട്ടൻസിയുടെ സേവനമേ തേടാവൂ എന്ന് ഓർമ്മിക്കുക. കാനഡയിൽ കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ അവർക്ക് നിങ്ങളെ സ്പോണസർ ചെയ്യാം. സുതാര്യമായതിനാൽ അധികം ബുദ്ധിമുട്ടില്ലാതെ ഈ വഴിയിൽ കയറിക്കൂടാം.ബാങ്ക് അക്കൗണ്ടിൽ നിശ്ചിത തുക എന്ന കടമ്പ വേറെയുമുണ്ട്. 10 ലക്ഷത്തോളം രൂപ ബാങ്ക് ബാലൻസ് എങ്കിലും ഉണ്ടായിരിക്കണം

താത്കാലിക താമസക്കാരനിൽ നിന്ന് സ്ഥിരതാമസക്കാരനിലേക്ക് (TR to PR) 

കാനഡയിൽ ജോലി ചെയ്യുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും താത്കാലിക താമസക്കാരൻ എന്ന പദവിയിൽ നിന്ന് താമസക്കാരനായി അംഗീകരിക്കുന്ന പ്രക്രിയയാണിത്. ജോലിക്കാരേയും കാനഡയിൽ പഠിച്ച് ബിരുദം നേടിയവരേയുമാണ് ഇതിനായി പരിഗണിക്കുക. 2022 ൽ മാത്രം താത്കാലിക വിസ പി.ആർ ആക്കി 50,000 കുടിയേറ്റക്കാർ പുതുതായി പി.ആർ നേടി. 2021 മെയ് മുതൽ 2022 ജൂൺ വരെയുള്ള കണക്കാണിത്. 2024 ഓടെ കാനഡയിലെ വിദേശ പൗരന്മാരുടെ എണ്ണം 45 ലക്ഷമാകുമെന്നാണ് കണക്ക്. അടുത്ത 10 വർഷത്തിനുള്ളിൽ 90 ലക്ഷം പേരാണ് കാനഡയിൽ ജോലിയിൽ നിന്ന് വിരമിക്കുകയെന്ന് സിഐസി ന്യൂസ് റിപ്പോർട്ട്. അതായത് വരും വർഷങ്ങളിലും തൊഴിലവസരം കൂടിവരാൻ തന്നെയാണ് സാധ്യത.

പഠിക്കാനും മികച്ച യൂണിവേഴ്സിറ്റികളുള്ള രാജ്യം

ടൊറന്റോ, മക് ഗിൽ യൂണിവേഴ്സിറ്റികൾ ലോകത്തെ മികച്ച റാങ്കിങ്ങുള്ള യൂണിവേഴ്സിറ്റികളാണ്. അമേരിക്കയേയും യുകെയേയും കണക്കിലെടുത്താൽ താരതമ്യേന ട്യൂഷൻ ഫീസ് കുറവാണ്. എങ്കിലും കേരളീയരെ സംബന്ധിച്ച് വളരെ ഉയർന്ന ഫീസ് തന്നെ. ഏറ്റവും ഉയർന്ന ഫീസുള്ള കോഴ്സുകളിൽ ഒന്ന് എം.ബി.എയാണ്. എറ്റവും പ്രധാന കടമ്പ IELTSതന്നെ ആണ്. കനേഡിയൻ സ്റ്റഡി പെർമിറ്റ് ലഭിച്ചാൽ നിങ്ങൾക്ക് പഠനം ആവാം. ഒപ്പം ജോലി ചെയ്യാനുള്ള സോഷ്യൽ ഇൻഷുറൻസ് നമ്പർ കിട്ടും. ഓർക്കുക സ്റ്റഡി പെർമിറ്റ് വിസയല്ല. സ്റ്റഡി പെർമിറ്റിനൊപ്പം വിസിറ്റിങ് വിസയാണ് കിട്ടുക. ഏറ്റവും ആകർഷകം പഠനത്തോടൊപ്പമുള്ള ജോലിയാണ്. പോക്കറ്റ് മണി മാത്രമല്ല അത്യാവശ്യം ചെലവുകളും പിന്നെ ജോലി പരിചയവും ആകും.