കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് വിക്രാന്ത് തെളിയിച്ചെന്നും കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.

വിക്രാന്തിലൂടെ ഭാരതം ലോകത്ത് മുന്‍നിരയിലേക്കെത്തി. വിക്രാന്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ സ്വാധീനം ശക്തിപ്പെടുത്തുമെന്നും സമുദ്രമേഖലയിലെ വെല്ലുവിളികള്‍കള്‍ക്കുള്ള രാജ്യത്തിന്റെ ഉത്തരമാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉദ്യമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികള്‍ അടക്കമുള്ള എല്ലാവര്‍ക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ നേര്‍ന്നു.

വിക്രാന്ത് സ്വയം പര്യാപ്തതയുടെ പ്രതീകമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്യത്തിനു അഭിമാനനേട്ടമാണിതെന്നു നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍ വ്യക്തമാക്കി.

ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് പ്രധാനമന്ത്രിയെ ചടങ്ങിലേയ്ക്ക് സ്വീകരിച്ചത്. കപ്പലിനു മുന്‍വശത്തെ ഡെക്കില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി. പുതിയ നാവിക പതാകയും(നിഷാന്‍), കമ്മീഷനിംഗ് ഫലകവും മോദി അനാഛാദനം ചെയ്തു.

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച ഈ യുദ്ധക്കപ്പലിന് 262.5 മീറ്റര്‍ നീളവും 63 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമുണ്ട്. മുകളിലെ ഡെക്കില്‍ 10 യുദ്ധവിമാനങ്ങളും താഴെ 20 വിമാനങ്ങളും വിന്യസിക്കാന്‍ശേഷിയുള്ളതാണ് വിക്രാന്ത്. നിര്‍മാണച്ചെലവ് 20,000 കോടി രൂപയാണ്.