തിരുവനന്തപുരം: ഇ പി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തൈക്കാട് ഗസ്റ്റ്ഹൗസില്‍ നടന്ന ഗൂഢാലോചയില്‍ സുധാകരന് പങ്കാളിയാണെന്ന് അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്നും പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും അദ്ദേഹം നിയമസഭയില്‍ ചോദ്യത്തിന് മറുപടി നല്കി.
മുഖ്യമന്ത്രി പറഞ്ഞത്: ”മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം നടന്നു വരികയാണ്. കേസിന്റെ ഗൂഢാലോചനയില്‍ രാഷ്ട്രീയനേതാക്കളുടെ പങ്കാളിത്തം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒന്നും മൂന്നും പ്രതികളായ ഫര്സിന് മജീദ്, സുജിത്ത് നാരായണന് യഥാക്രമം യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമാണ്. രണ്ടാം പ്രതി നവീന്‍ കുമാര്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും നാലാം പ്രതി ശബരിനാഥന് സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.”
”മുഖ്യമന്ത്രിയുടെ വാഹനം കാക്കനാട് തടയാന്‍ ശ്രമിച്ച കേസിലെ പ്രതിയായ സോണി ജോര്‍ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. 11 ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്.”
”ഇപി ജയരാജനെ വധിക്കാന്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഗൂഢാലോചന നടത്തിയ കേസില്‍ അഞ്ച് പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. കേസ് വിചാരണയില്‍ ഇരിക്കവെ രണ്ടും നാലും പ്രതികള്‍ മരണപ്പെട്ടു. ഒന്നാം പ്രതി കെ സുധാകരന്, മൂന്നാം പ്രതി ടിപി രാജീവന്, അഞ്ചാം പ്രതി പികെ ദിനേശന് എന്നിവരാണ് നിലവില്‍ വിചാരണ നേടിരുന്നവര്. വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.”



