ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ സുരക്ഷാ വീഴ്ച. പോലീസിന്‍റെയും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ച് ക്ഷേത്രനടപ്പുരയിലൂടെ യുവാവ് ബൈക്കില്‍ കറങ്ങി.

സംഭവുമായി ബന്ധപ്പെട്ട് കണ്ടാണശ്ശേരി ആളൂര്‍ പാറമ്പുള്ളി വീട്ടില്‍ പ്രണവ് (31) പിടിയിലായി. ഇയാള്‍ ഓടിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി അത്താഴ പൂജ കഴിഞ്ഞ സമയത്താണ് സംഭവം ഉണ്ടായത്. അമിത വേഗതയില്‍ ബൈക്ക് ഓടിച്ച യുവാവ് കിഴക്കേ ഗോപുരം വരെയെത്തി. ക്ഷേത്ര നടയില്‍ ഉണ്ടായിരുന്ന ഭക്തര്‍ ചിതറിയോടി.

കിഴക്കേ നടയില്‍ നിന്നും ബൈക്കില്‍ അമിത വേഗതയില്‍ സത്രം ഗേറ്റ് കടന്ന യുവാവ് ദീപസ്തംഭം വരെയെത്തി. അവിടെ ബാരിക്കേഡ് കണ്ടതിനാല്‍ നേരെ തെക്കേ നടപന്തലിലേക്ക് തിരിഞ്ഞു. തെക്കേ നടപന്തലിലെ ഗേറ്റ് അടഞ്ഞു കിടക്കുന്നത് കണ്ട യുവാവ് വാഹനം വെട്ടിച്ചു കൂവളത്തിന് സമീപത്തു കൂടെ പടിഞ്ഞറെ നടയിലെത്തി. 

അവിടെ നിന്നും പടിഞ്ഞാറേ നടപ്പന്തലിലൂടെ പാഞ്ഞെങ്കിലും പന്തലിന്‍റെ പടിഞ്ഞാറേ അറ്റത്തുള്ള ബാരിക്കേഡ് കാരണം പുറത്തേക്ക് കടക്കാന്‍ കഴിഞ്ഞില്ല. പടിഞ്ഞാറേ നടപ്പന്തലിലെത്തിയപ്പോള്‍ യുവാവിനെ വ്യാപാരികള്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.

ഏതുസമയത്തും ചുരുങ്ങിയത് 15 സുരക്ഷാ ഉദ്യോഗസ്ഥരെങ്കിലും ഉണ്ടാകാറുള്ള സ്ഥലമാണ് ഗുരുവായൂര്‍ ക്ഷേത്രനട. തോക്കുമായുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ അടക്കം ശ്രദ്ധ തെറ്റിച്ചാണ് യുവാവ് ബൈക്കില്‍ ഈ പരാക്രമം കാണിച്ചത്.