കൊച്ചി: ”ജപ്പാനിലേക്കുള്ള ഈ യാത്രയെക്കുറിച്ച് വിജയേട്ടൻ പറയുമായിരുന്നു. അതിനായി മനസ്സുകൊണ്ട് ഒരുങ്ങുകയായിരുന്നു ഞങ്ങൾ. പക്ഷേ.. ” -എറണാകുളം ഗാന്ധിനഗർ സലിംരാജൻ റോഡിലെ ശ്രീബാലാജി കോഫി ഷോപ്പിലിരിക്കെ മോഹന തെല്ലു നിശ്ശബ്ദയായി. പാതിവഴിക്ക് നിർത്തിയ യാത്ര മോഹന വീണ്ടും തുടങ്ങുകയാണ്, ഒപ്പം വിജയനില്ലാതെ. വരുന്ന മാർച്ച് 21-ന് ജപ്പാനിലേക്കാണ് യാത്ര.

76-കാരനായിരുന്ന വിജയന്റെ വിയോഗം കഴിഞ്ഞവർഷം നവംബറിലായിരുന്നു. ചായക്കട നടത്തി ലോകയാത്ര നടത്തുന്ന ദന്പതിമാരെന്നനിലയ്ക്കായിരുന്നു വിജയനും മോഹനയും വാർത്താതാരങ്ങളായത്. 2007-ൽ ഈജിപ്തിലേക്കായിരുന്നു ആദ്യയാത്ര. തുടർന്ന് അമേരിക്ക, ഫ്രാൻസ്, ഇറ്റലി, അർജന്റിന, ബ്രസീൽ, പെറു, റഷ്യ… ആകെ 26 രാജ്യങ്ങൾ സന്ദർശിച്ചു. ചായക്കടയിലെ വരുമാനംകൊണ്ടായിരുന്നു ചിലപ്പോൾ യാത്ര.

മറ്റുചിലപ്പോൾ ചിട്ടിപിടിച്ച് അല്ലെങ്കിൽ കെ.എസ്.എഫ്.ഇ. വായ്പയെടുത്ത്. യാത്ര ഇഷ്ടപ്പെടുന്നവർക്കെല്ലാം പ്രചോദനവും ആവേശവുമായിരുന്നു ഇരുവരുടെയും ലോകയാത്രകൾ. ഇവരുടെ യാത്രകളെക്കുറിച്ചുള്ള ഡോക്യുമെന്ററിയും വന്നിട്ടുണ്ട്.

വിജയനില്ലെങ്കിലും മകൾ ഉഷയും മരുമകൻ മുരളിയും മോഹനയ്ക്കൊപ്പം ഈ ജപ്പാൻയാത്രയിലുണ്ടാകും. സ്വകാര്യ ടൂർ സ്ഥാപനമാണ് മോഹനയുടെ യാത്രച്ചെലവ് വഹിക്കുന്നത്.

ജപ്പാനുംകൂടി കഴിഞ്ഞാൽ ഇനി ചെറിയയാത്രകൾ മതിയെന്ന് വിജയൻ പറയുമായിരുന്നു. ഇന്ത്യയിലെ സ്ഥലങ്ങൾ കാണാമെന്നാണ് പറഞ്ഞിരുന്നത്. ”വെജിറ്റേറിയൻ ഭക്ഷണം എല്ലായിടത്തും കിട്ടില്ല്ലല്ലോ. അതുകൊണ്ട് യാത്രയിൽ ഞങ്ങളുടെ ആഹാരമൊക്കെ ലളിതമായിരുന്നു. കാപ്പി, ചായ, ബ്രഡ് എന്നിങ്ങനെ. ഇത്തവണ പോകുമ്പോഴും അച്ചാറും ചട്ട്ണിപ്പൊടിയുമൊക്കെ കൊണ്ടുപോകും. ഇനി ആറുമാസവും 24 ദിവസവുമുണ്ട്” -മോഹന കണക്കുകൂട്ടുന്നു.