അമ്മയെ മരണത്തിന്റെ തൊട്ടരികില്‍ നിന്ന് പിടിച്ചുവാങ്ങിയെടുത്ത ഒരു മകന്റെ വീഡിയോ അടുത്തിടെ എബിസി ന്യൂസ് പങ്കുവച്ചിരുന്നു. പത്ത് വയസുകാരനായ ഗാവിന്‍ കീനിയെ സൂപ്പര്‍ ഹീറോയാക്കിയിരിക്കുയാണ് നെറ്റിസണ്‍സ്.

പൂളിലിറങ്ങിയ ഗാവിന്റെ അമ്മ ലോറി കീനിയ്ക്ക് ബോധം നഷ്ടപ്പെടുകയും പിന്നാലെ മുങ്ങിപ്പോവുകയുമായിരുന്നു. ഇത് മനസിലാക്കിയ ഗാവിന്‍ ഓടിയെത്തുകയും പൂളിലേക്ക് എടുത്തുചാടി തന്റെ അമ്മയെ രക്ഷിക്കുന്നതുമാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

ലോറിയുമായി പൂളിന്റെ സൈഡിലേക്ക് നീന്തിയെത്തിയ ഗാവിന്‍, അവരുടെ തല വെള്ളത്തിന് മുകളിലായാണ് നില്‍ക്കുന്നതെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ ഗാവിന്റെ മുത്തച്ഛനെത്തി ഇരുവരേയും കരയ്ക്ക് കയറ്റുകയായിരുന്നു.

ഗുഡ് മോര്‍ണിങ് അമേരിക്കയുടെ റിപ്പോര്‍ട്ട് പ്രകാരം ഒക്ലഹോമ സ്വദേശിയാണ് ഗാവിന്‍. ലോറി കീനി സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ.

“വളരെ മനോഹരമായ ഒരു പ്രഭാതമായിരുന്നു. ഞങ്ങള്‍ പൂളില്‍ ചാടാന്‍ തീരുമാനിച്ചു. ഗാവിന്‍ പൂളില്‍ നിന്ന് കരയ്ക്ക് കയറിയപ്പോഴായിരുന്നു എന്റെ ആരോഗ്യനില മോശമായത്. ഞാന്‍ ഇത്രയും ഭയപ്പെട്ട ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല,” ലോറി പറഞ്ഞു.