അക്ഷയ് കുമാർ നായകനാവുന്ന ബി​ഗ് ബഡ്ജറ്റ് ചിത്രം എന്ന കാരണത്താൽ വാർത്തകളിൽ നിറഞ്ഞ ചിത്രമാണ് രാം സേതു. ഏറെ നാളായി കാര്യമായ വിവരങ്ങളൊന്നുമില്ലാതിരുന്ന ഈ ചിത്രം ഒരു നിയമക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്. വസ്തുതകൾ വളച്ചൊടിക്കുന്നു എന്ന കാരണം കാട്ടി ബി.ജെ.പി നേതാവും മുൻ രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യൻ സ്വാമി അക്ഷയ് കുമാറിനും സിനിമയിൽ പ്രവർത്തിച്ച മറ്റുള്ളവർക്കുമെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്.

രണ്ട് ദിവസം മുമ്പാണ് സുബ്രഹ്മണ്യൻ സ്വാമി അക്ഷയ് കുമാറിനും എട്ട് പേർക്കുമെതിരെ നോട്ടീസ് അയച്ചത്. നടിമാരായ ജാക്വിലിൻ ഫെർണാണ്ടസ്, നുശ്രത് ബറൂച്ച എന്നിവരും ഇതിലുൾപ്പെടുന്നു. നോട്ടീസ് അയച്ച കാര്യം സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തിട്ടുണ്ട്. മുംബൈയിലെ സിനിമക്കാർക്ക് വസ്തുതകൾ തെറ്റായി അവതരിപ്പിക്കാനും ദുർവിനിയോ​ഗം ചെയ്യാനുമുള്ള മോശം സ്വഭാവമുണ്ട്. അതിനാൽ അവരെ ബൗദ്ധിക സ്വത്തവകാശം പഠിപ്പിക്കാൻ, രാമസേതു കഥയെ വളച്ചൊടിച്ചതിന് സിനിമാ നടൻ അക്ഷയ് കുമാറിനും (ഭാട്ടിയ) മറ്റ് 8 പേർക്കും ഞാൻ അഡ്വ. സത്യ സബർവാൾ മുഖേന ലീഗൽ നോട്ടീസ് അയച്ചു എന്ന് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.

അഭിഷേക് ശർമ്മയാണ് രാം സേതു സംവിധാനം ചെയ്യുന്നത്. തെലുങ്ക് താരം സത്യദേവും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. രാമസേതു ഒരു മിഥ്യയാണോ യാഥാർത്ഥ്യമാണോ എന്ന് അന്വേഷിക്കുന്ന ഒരു പുരാവസ്തു ഗവേഷകനെ പിന്തുടരുന്ന ഒരു ആക്ഷൻ-സാഹസിക ചിത്രമാണിത്. അക്ഷയ്യുടെ കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ്, ആമസോൺ പ്രൈം വീഡിയോ, അബുണ്ടൻഷ്യ എന്റർടൈൻമെന്റ്, ലൈക പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.