മലപ്പുറം: വിവാഹനിശ്ചയത്തിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശുതവരന്‍ അറസ്റ്റില്‍. മാനസിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റം എന്നിവ ചുമത്തിയാണ് നോര്‍ത്ത് കീഴുപറമ്പ് കൈതമണ്ണില്‍ അശ്വിനെ അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തത്.

തൃക്കളിയൂര്‍ സ്വദേശിനി മന്യ(22) ആത്മഹത്യചെയ്ത സംഭവത്തിലാണ് അശ്വിനെ അറസ്റ്റ് ചെയ്തത്. ആറ് മാസം മുന്‍പാണ് വീട്ടിലെ കിടപ്പുമുറിയില്‍ മന്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തിന്റെ പരാതിയില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തതിനെ തുടര്‍ന്നു അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അശ്വിനെ അറസ്റ്റ് ചെയ്തത്.

എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിലായിരുന്നു ഇരുവരും. 2021 സെപ്റ്റംബറില്‍ ഇവരുടെ വിവാഹനിശ്ചയവും നടത്തി. ജോലിക്കായി വിദേശത്ത് എത്തിയ അശ്വിന്‍ പല കാരണങ്ങള്‍ പറഞ്ഞ് മന്യയുമായി ഫോണില്‍ തര്‍ക്കിച്ച് ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. വിവാഹത്തില്‍ നിന്ന് അശ്വിന്‍ പിന്മാറിയതില്‍ മനംനൊന്താണ് മന്യ ആത്മഹത്യ ചെയ്തത്. വിദേശത്തുള്ള അശ്വിന്‍ വീട്ടുകാരെ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ മന്യയുടെ ഫോണ്‍ പരിശോധിച്ച പൊലീസിന് ഇരുവരുടെയും ശബ്ദ സന്ദേശങ്ങളും മറ്റ് വിവരങ്ങളും ലഭിച്ചു. വിദേശത്ത് നിന്ന് തിരികെയെത്തിയ പ്രതിയെ അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തു. പ്രതിയെ കോടതിയില്‍ റിമാന്‍ഡ് ചെയ്തു.