ഗാസിയാബാദ്: സ്‌കൂട്ടറില്‍ കാറിടിപ്പിക്കുകയും പിന്നാലെ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ മര്‍ദിക്കുകയും ചെയ്തെന്ന കേസില്‍ വ്ളോഗറായ യുവതി അറസ്റ്റില്‍.ബൈക്കുകളിലും കാറുകളിലുമുള്ള അഭ്യാസപ്രകടനങ്ങളിലൂടെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയയായ ശിവാംഗി ദബാസിനെയാണ് ഗാസിയബാദ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി സിറ്റി പാര്‍ക്ക് ജങ്ഷന് സമീപത്താണ് ശിവാംഗി ഓടിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ വനിതാ കോണ്‍സ്റ്റബിളായ ജ്യോതി ശര്‍മയുടെ സ്‌കൂട്ടറിലിടിക്കുന്നത്. മറികടക്കാനുള്ള ശ്രമത്തിനിടെ അതിവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജ്യോതി ശര്‍മ റോഡിലേക്ക് തെറിച്ചുവീണു. എന്നാല്‍ അപകടത്തിന് പിന്നാലെ കാറില്‍നിന്ന് പുറത്തിറങ്ങിയ ശിവാംഗി പോലീസുകാരിയുമായി വാക്കേറ്റമുണ്ടാക്കുകയും ഇവരെ മര്‍ദിക്കുകയുമായിരുന്നു. പോലീസുകാരിയെ റോഡില്‍ തള്ളിയിട്ട യുവതി, മുഖത്തടിക്കുകയും ചെയ്തു. തന്നോട് കളിച്ചാല്‍ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.

സംഭവത്തിന് പിന്നാലെ ജ്യോതി ശര്‍മ വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. ഉടന്‍തന്നെ സ്ഥലത്തെത്തിയ പോലീസ് ശിവാംഗിയെ പിടികൂടുകയുമായിരുന്നു. പോലീസിന്റെ ‘ഡയല്‍ 112’ പട്രോളിങ് സംഘത്തില്‍ ജോലിചെയ്യുന്ന ജ്യോതി ശര്‍മ, രാത്രി ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ ശിവാംഗി കോണ്‍സ്റ്റബിളുമായി തട്ടിക്കയറുന്ന വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സാമൂഹികമാധ്യമങ്ങളില്‍ ‘ബുള്ളറ്റ് റാണി’ എന്ന പേരിലറിയപ്പെടുന്ന ശിവാംഗി, വാഹനങ്ങളില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന വീഡിയോകളിലൂടെയാണ് ശ്രദ്ധനേടിയത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്നുലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഇവര്‍ക്കുള്ളത്. കഴിഞ്ഞ മെയ് മാസത്തിലും അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്ന വീഡിയോകള്‍ പങ്കുവെച്ചതിന് കഴിഞ്ഞ മെയ് മാസത്തിലും പോലീസ് ശിവാംഗിക്കെതിരേ നടപടി എടുത്തിരുന്നു. ഇതിനുപിന്നാലെയാണ് വാഹനാപകടക്കേസില്‍ വ്ളോഗര്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്.