കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചേക്കുമെന്ന സൂചന നല്‍കി ശശി തരൂര്‍. മാതൃഭൂമി ഡോട്ട് കോം ഇംഗ്ലീഷ് എഡിഷനില്‍ എഴുതുന്ന കോളത്തിലാണ് കോണ്‍ഗ്രസ് പ്രസിഡന്റ് പദത്തിലേക്ക് മത്സരത്തിന്റെ സൂചന അദ്ദേഹം നല്‍കിയത്.

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടപടികള്‍ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആരോഗ്യപരമായ മാര്‍ഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമല്ല, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലെ മറ്റു സ്ഥാനങ്ങളിലേക്കുംപാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാള്‍ സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂര്‍ മത്സരിച്ചേക്കുമെന്നാണ് അറിയുന്നത്. തരൂരിനു സമ്മതമല്ലെങ്കില്‍ മനീഷ് തിവാരി മത്സരിക്കണമെന്നാണു സംഘത്തിലെ ധാരണ. രാഹുല്‍ ഗാന്ധിയാണു മത്സരിക്കുന്നതെങ്കിലും തിവാരി രംഗത്തിറങ്ങിയേക്കും.

പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17നാണു നിശ്ചയിച്ചിരിക്കുന്നത്. ഒരു സ്ഥാനാര്‍ഥി മാത്രമാണുള്ളതെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയായ ഒക്ടോബര്‍ എട്ടിനു തന്നെ വിജയിയെ പ്രഖ്യാപിക്കും.

22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ 2000-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിക്കെതിരേ ജിതേന്ദ്ര പ്രസാദ മത്സരിച്ചിരുന്നു. എന്നാല്‍ സാധുവായ 7542 വോട്ടുകളില്‍ വെറും 94 വോട്ടുകള്‍ മാത്രമാണ് പ്രസാദയ്ക്ക് ലഭിച്ചത്.