കാത്തിരിപ്പിന്റെ സുഖം, അതൊന്ന് വേറെ തന്നെയാണ്!
നെടുമുടി വേണു ചാര്‍ളി എന്ന സിനിമയില്‍ പറയുന്ന ഡയലോഗാണിത്, എന്നാല്‍ അത്തരമൊരു കാത്തിരിപ്പുകള്‍ക്ക് ഫലം ഉണ്ടാകുമോ എന്ന് പലരും ചിന്തിക്കുന്നുണ്ടാകണം. എന്നാല്‍ ഒരു അമ്മയുടെ കാത്തിരിപ്പിന് അര്‍ത്ഥമുണ്ടായ ഒരു സംഭവം അടുത്തിടെ കോട്ടയത്തുണ്ടായി.
25 വര്‍ഷമായി ഒരു നോക്കു കാണാന്‍ കൊതിച്ച മകന്‍ തന്നെ തേടിയെത്തിയ സന്തോഷത്തിലാണ് കറുകച്ചാല്‍ സ്വദേശിയായ ഗീത. ഗുജറാത്തില്‍ നിന്ന് ഭാഷപോലും അറിയാത്ത നാട്ടിലെത്തിയാണ് മകന്‍ ഗോവിന്ദ് അമ്മയ്ക്കരികിലെത്തിയത്.
ഗുജറാത്തിലെ ചെമ്മീന്‍ കമ്പനിയില്‍ ജോലിക്ക് പോയപ്പോഴാണ് അവിടുത്തെ ജീവനക്കാരനായ രമേശുമായി ഗീത പ്രണയത്തിലായതും വിവാഹം കഴിച്ചതും. നാട്ടില്‍ വച്ച് നടന്ന വിവാഹത്തിന് ശേഷം ഇരുവരും ഗുജറാത്തിലേക്ക് മടങ്ങുകയും ചെയ്തും. ഗുജറാത്തില്‍ വച്ചാണ് ഗോവിന്ദ് ജനിച്ചത്. ഗീത രണ്ടാമത് ഗര്‍ഭിണിയായപ്പോള്‍ മൂവരും നാട്ടിലെത്തി. എന്നാല്‍ ഗോവിന്ദുമായി രമേശ് ഗുജറാത്തിലേക്ക് തിരികെ പോയി. പിന്നീട് രമേശിനെ ബന്ധപ്പെടാന്‍ ഗീത ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് ഗീത ഒരു പെണ്‍കുട്ടിക്ക് കൂടി ജന്മം നല്‍കി. കൂലിപ്പണി ചെയ്ത് മകളെ പോറ്റിയ ഗീത ഇന്നൊരു ഓട്ടോ ഡ്രൈവറാണ്. മകളുടെ വിവാഹമായിരുന്നു രണ്ട് വര്‍ഷം മുന്‍പ്. മകന്‍ ഗോവിന്ദിനെ സഹോദരിയെ ഏല്‍പ്പിച്ച് രമേശ് വീണ്ടും വിവാഹിതനായി. എന്നാല്‍ മകനെ കാണാന്‍ ആഗ്രഹിക്കാത്ത ദിവസങ്ങള്‍ ഗീതയുടെ ജീവിതത്തിലുണ്ടായിരുന്നില്ല.
ബന്ധുക്കളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കറുകച്ചാല്‍ പൊലീസ് സ്റ്റേഷനില്‍ ഗോവിന്ദെത്തിയത്. പിന്നെ പൊലീസുകാരുടെ നേതൃത്വത്തിലായി അന്വേഷണം. പലതവണ ഗീതയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ പഞ്ചായത്ത് മെമ്പറിന്റെ വിളി വന്നപ്പോള്‍ ഗീതയുടെ കണ്ണുകള്‍ നിറഞ്ഞു. ആ നിമിഷം താന്‍ വിങ്ങിപ്പൊട്ടിപ്പോയെന്നായിരുന്നു ഗീത പറഞ്ഞത്.
ഓണം ബമ്പര്‍ അടിച്ച സന്തോഷമാണ് തനിക്കെന്ന് ഗീത ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗോവിന്ദിനെക്കാണാന്‍ സഹോദരിയുമെത്തിയിരുന്നു. ഗോവിന്ദ് ഇനി മുതല്‍ ഗീതയ്ക്കൊപ്പമുണ്ടാകും. അമ്മയോടൊപ്പം ജീവിയ്ക്കണമെന്നാണ് ആഗ്രഹമെന്നും ഗോവിന്ദ് പറയുന്നു.



