കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണം തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി. സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ പ്രതിഷേധം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിക്കൊണ്ടാകരുത്. പദ്ധതിയെ കുറിച്ച് എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

തുറമുഖ നിര്‍മ്മാണത്തിന് പോലീസ് മതിയായ സുരക്ഷ നല്‍കുന്നില്ലെന്നും കേന്ദ്രസേനയെ സുരക്ഷയ്ക്ക് നിയോഗിക്കണമെന്നും അദാനി ഗ്രൂപ്പ് കോടതിയില്‍ ആവശ്യപ്പെട്ടു. പദ്ധതി പൂര്‍ണ്ണമായും നിശ്ചലമായ അവസ്ഥയിലാണ്. പോലീസ് പ്രതിഷേധക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തെ സ്വകാര്യ പദ്ധതിയായി ചിത്രീകരിക്കാനാവില്ല. ദേശീയ പ്രധാന്യമുള്ള പദ്ധതിയാണ്. പൊതുപണം ചെലവഴിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതെന്നും കോടതി ഉത്തരവ് ഉണ്ടായിട്ടും പദ്ധതി പ്രദേശത്ത് പ്രതിഷേധക്കാര്‍ കടന്നുവെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.

പ്രതിഷേധം സമാധാനപരമാണെന്ന് സമര സമിതി കോടതിയില്‍ അറിയിച്ചു. ഹര്‍ജി വിശദമായി വാദം കേള്‍ക്കാന്‍ മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.