തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയി. രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ നിന്നും സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സില്‍ വിമാനത്താവളത്തിലേക്ക് എത്തിയ കോടിയേരി 11.30 ഓടെ എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലേക്ക് തിരിച്ചു. അപ്പോളോ ആശുപത്രിയിലാണ് ചികിത്സ ഒരുക്കിയിരിക്കുന്നത്.

കോടിയേരി ബാലകൃഷ്ണന്റെ സഹായികള്‍ ഇന്നലെ തന്നെ അപ്പോളോ ആശുപത്രിയില്‍ എത്തിയിരുന്നു. രാവിലെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അദ്ദേഹം ചെന്നൈയിലേക്ക് തിരിച്ചത്. മുഖ്യമ്രന്തി പിണറായി വിജയന്‍, മന്ത്രിമാര്‍, സിപിഎം നേതാക്കള്‍ എന്നിവരെല്ലാം രാവിലെ അദ്ദേഹത്തെ ഫ്ളാറ്റിലെത്തി സന്ദര്‍ശിച്ചിരുന്നു.

ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് പകരം മന്ത്രി എം.വി ഗോവിന്ദനെ തല്‍സ്ഥാനത്തേക്ക് നിയമിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായിരുന്നെങ്കിലും വളരെ വേഗത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി തീരുമാനിച്ചത്. അതിവേഗമായിരുന്നു പകരക്കാരനെ നിശ്ചയിച്ചതും. സംഘടനാപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാനുള്ള സന്നദ്ധത കോടിയേരി അറിയിച്ചത്. തുടര്‍ന്ന് അടിയന്തരമായി സിപിഎം നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയായിരുന്നു.
കോടിയേരിക്ക് പകരം ക്രമീകരണം എന്ന ലക്ഷ്യമായിരുന്നു യോഗം വിളിച്ചപ്പോള്‍ ഉണ്ടായിരുന്നത്. എന്നാല്‍ അവധിയല്ല, സ്ഥാനം ഒഴിയുന്നുവെന്ന നിലപാട് കോടിയേരി സ്വീകരിച്ചതോടെയാണു പകരം സെക്രട്ടറിയെ തെരഞ്ഞെടുത്തത്.