പത്തനംതിട്ട: കോന്നി അച്ചൻകോവിൽ വനപാതയിൽ തുറ ഭാഗത്ത് കാട്ടാന ഒരാളെ ചവിട്ടി കൊന്നു. കോന്നി വനം ഡിവിഷന്റെ ഭാഗമായ മണ്ണാറപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ അച്ചൻകോവിൽ പാതയിൽ ചെമ്മനരുവി കടമ്പുപാറ അമ്പലത്തിന് സമീപമാണ് സംഭവം . മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പോലീസ്, വനം ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചു.തുറയ്ക്കും കൂട്ട് മൂക്കിനും ഇടയിലാണ് സംഭവം. ഈ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമാണ്. വഴിയാത്രക്കാരനായ ആളാണ് കൊല്ലപ്പെട്ടത് എന്ന് കരുതുന്നു.

പ്രദേശത്ത് ഉള്ള ആള് അല്ല മരിച്ചത് എന്നാണ് അറിവ്. മാനസിക അസ്വാസ്ഥ്യമുള്ള ഒരാൾ തുണി കെട്ടുമായി അതുവഴി നടന്നു പോകുന്നത് കണ്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു.ഇയാളാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊലവിളി നടത്തിയ ആന പ്രദേശത്ത് ഭീകര അന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയത്.

ഇന്നലെയും ഒരുമാസം മുൻപും ബൈക്ക് യാത്രികർക്ക് ഈ റോഡിൽ ആന ഓടിച്ചത് മൂലം ഗുരുതരമായ പരിക്കേറ്റിരുന്നു. നിരവധി വീടുകൾ ഉള്ള അച്ചൻകോവിൽ ക്ഷേത്രത്തിലേക്കുമുള്ള പാതയാണ് ഇത്. കോന്നി കല്ലേലി കടിയാർ ഭാഗം കഴിഞ്ഞാൽ പിന്നെ കാട്ടാനയുടെ ശല്യം രൂക്ഷമാണ്.ഈ വന പാതയിലൂടെ ഉള്ള സഞ്ചാരം വനം വകുപ്പ് വാക്കാൽ തടഞ്ഞിട്ടുണ്ട്.കോന്നി കല്ലേലി കഴിഞ്ഞ് അച്ചൻ കോവിൽ റോഡിലൂടെ പോയി ഒരു കിലോമീറ്റർ ചെന്നാൽ കടിയാർ മുതൽ ഇരുപത്തി നാല് കിലോ മീറ്റർ ദൂരം വരെയുള്ള കാനന പാതയിൽ ഏതു സമയത്തും യാത്രക്കാർകാട്ടാനകളുടെ മുന്നിൽപ്പെടാം എന്നതാണ് സ്ഥിതി. ഇത് വഴി ജാഗ്രതയോടെ പോകണം എന്നുള്ള നിർദേശം വനപാലകർ നൽകുന്നുണ്ട്.

ഒട്ടേറെ ആനതാരകൾ ഉള്ള ഈ റോഡിൽ ഏതു സമയത്തും കാട്ടാന കൂട്ടം കടന്നു വരാം . ബൈക്ക് യാത്രികർ ആണ് കടുതലും അപകടത്തിൽ പ്പെടുന്നത്.ആനതാരയിലൂടെ കടന്നു വരുന്ന കാട്ടാനകൂട്ടം വഴി മുറിച്ചു കടന്നു അച്ചൻ കോവിൽ നദിയിലൂടെ മറുകരയിലേക്കാണ് ആണ് എത്തുന്നത് . ഇവിടെ നിറയെ പുല്ല് വളർന്നതിനാൽ കാട്ടാനകൾ യഥേഷ്ടം ഉണ്ട് .

ഒരു മാസം മുന്നേ അച്ഛനും മകളും കാട്ടാനകൂട്ടത്തിൻറെ മുന്നിൽ അകപെട്ടിരുന്നു. കാട്ടാന കൂട്ടം ഓടിച്ചപ്പോൾ വീണുപോയ ബൈക്കിന് അടിയിൽപ്പെട്ട് പിതാവിന് ആറു വാരിയെല്ലുകൾക്കു പരിക്ക് പറ്റിയിരുന്നു.. മുന്നിൽ പോയ ആളുകൾ ആനയുടെ ശ്രദ്ധ തിരിച്ചതിനാൽ ജീവാപായം ഉണ്ടായില്ല.

കഴിഞ്ഞ ദിവസം കല്ലേലി നിന്നും ചെമ്പനരുവി പോയ അരുവാപ്പുലം പഞ്ചായത്ത് മെമ്പർ ജോജുവും ഈ കാട്ടാന കൂട്ടത്തെ കണ്ടു .അച്ചൻ കോവിൽ നദിയിലൂടെ നാല് കാട്ടാനകൾ മറുകരയിൽ എത്തുന്നത് ആണ് കണ്ടത് . ഇതുവഴി പോയ യാത്രികനും മറ്റൊരു കൂട്ടം കാട്ടാനയെ കണ്ടു .1977 മുതൽ നിയമം മൂലം കേന്ദ്ര സർക്കാർ ആനപിടിത്തം നിരോധിച്ചതോടെ കോന്നി വനം ഡിവിഷനിൽ കാട്ടാനകളുടെ എണ്ണം വളരെ ഏറെ വർധിച്ച നിലയാണ്.. രാത്രി കാലങ്ങളിൽ ഈ റോഡിൽ നിരവധി കൊമ്പനാനയടക്കം കാട്ടാനകളെ കാണുവാൻ കഴിയും . റോഡിനു ഇരു വശവും ഇളം പുല്ലുകൾ വളർന്നു നിൽക്കുന്നതിനാൽ മാത്രക്കാർക്ക് ഇതിനിടയിൽ നിൽക്കുന്ന ആനകളെ പലപ്പോഴും കാണാൻ കഴിയുന്നില്ല. ഇത് ഒഴിവാക്കിയാൽ ഒരു പരിധി വരെ ആനകൾ റോഡിലേക്കിറക്കുന്നത് ഒഴിവാക്കാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.