ന്യൂയോര്‍ക്ക്: മകനെ കാണാന്‍ യുഎസിലെ ടെക്സാസിലെത്തിയപ്പോള് ഗാരേജില്‍ കിടന്നുറങ്ങേണ്ടി വന്നുവെന്ന് ഒരമ്മ വെളിപ്പെടുത്തി. മറ്റാരുമല്ല മകന്, ശതകോടീശ്വരനും ടെസ്ല സഹസ്ഥാപകനുമായ ഇലോണ്‍ മസ്കിന്റെ അമ്മ മായെ മസ്ക് ഇക്കാര്യം പറഞ്ഞത്. സണ്‍ഡേ ടൈംസിനു നല്കിയ അഭിമുഖത്തിലാണ് 74 കാരിയായ ഈ അമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്.
മോഡലും ആക്ടിവിസ്റ്റുമൊക്കെയാണ് മായെ. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന് എന്ന പദവിയിലിരിക്കുന്നുണ്ടെങ്കിലും ആ സ്വത്തുക്കള്‍ കൈവശം വയ്ക്കുന്നതില്‍ മസ്ക്കിന് വലിയ താല്പര്യമൊന്നുമില്ലെന്നും അമ്മ വെളിപ്പെടുത്തി. അതിനാല്‍ ടെക്സാസില്‍ മകനെ കാണാന്‍ ചെല്ലുമ്പോഴൊക്കെ ഗാരേജിലാണ് താന്‍ അന്തിയുറങ്ങുന്നതെന്നും അവര്‍ പറഞ്ഞു. സ്പേസ് എക്സിന്റെ ആസ്ഥാനവും ടെക്സാസിലാണ്. റോക്കറ്റ് സൈറ്റിന്റെ അടുത്ത് നിങ്ങള്‍ക്ക് മായിക വീടൊന്നും ഉണ്ടാക്കാന്‍ സാധിക്കില്ല-മായെ പറഞ്ഞു.
നേരത്തേ തനിക്ക് സ്വന്തമായി വീടില്ലെന്നും സുഹൃത്തുക്കളുടെ താമസ സ്ഥലങ്ങളിലാണ് കഴിയുന്നതെന്നും മസ്ക് വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെ തന്റെ സ്വത്തുവകകള്‍ വില്ക്കാന് ആഗ്രഹമുണ്ടെന്നും പറയുകയുണ്ടായി മസ്ക്. സ്പേസ് എക്സ് ആണ് തന്റെ പ്രാഥമിക വസതിയെന്നും പറഞ്ഞിരുന്നു.
എന്നാല്‍ മകനെ പോലെ ചൊവ്വയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തനിക്ക് താല്പര്യമില്ലെന്നും മായെ വ്യക്തമാക്കി. ആറുമാസം അതിനായി ഒരുക്കങ്ങള്‍ നടത്തണം. ആറു മാസം ഒറ്റപ്പെട്ടു ജീവിക്കണം…അതിനു തന്നെ കിട്ടില്ല. എന്നാല്‍ എന്റെ കുട്ടികള്‍ക്ക് താല്പര്യം അതാണെങ്കില്‍ ഒരു കൈ നോക്കാനും മടിയില്ലെന്നും അവര്‍ പറഞ്ഞു. ഇലോണ്‍ മസ്ക്കിനെ കൂടാതെ മായെക്ക് രണ്ട് മക്കള്‍ കൂടിയുണ്ട്; കിമ്പല്‍, ടോസ്കോ… എറോള്‍ മസ്ക് ആയിരുന്നു ഇവരുടെ ഭര്‍ത്താവ്. വിവാഹമോചിതയുമാണ്. വിവാഹബന്ധം അവസാനിപ്പിച്ചപ്പോള്‍ കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്നതില്‍ അതിയായ ആശങ്കയുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.



