തിരുവനന്തപുരം: ‘ജി 23’ നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതോടെ ആ വിമത സംഘത്തിനു പിന്തുണ നല്‍കിയ തിരുവനന്തപുരം എംപി കൂടിയായ ഡോ. ശശി തരൂരിന്റെ നിലപാട് ചര്‍ച്ചയാവുന്നു. ഭാരത് ജോഡോ യാത്രയെക്കുറിച്ച് സോണിയ ഗാന്ധി സംസാരിക്കുന്ന വീഡിയോ അദ്ദേഹം ഫെയ്‌സ്ബുക്കിലിട്ടപ്പോള്‍ അതില്‍ രാഹുല്‍ ഗാന്ധി എന്ന പേരുപോലും സൂചിപ്പിച്ചിട്ടില്ല.
കോണ്‍ഗ്രസുകാരനായി തുടരുമെന്ന സൂചന നല്‍കുമ്പോഴും, അതു മാത്രമല്ല തന്റെ സാധ്യതയെന്ന് തുറന്നടിക്കാന്‍ അദ്ദേഹം തയാറായിട്ട് ഒരാഴ്ച പോലുമായില്ല. ബിജെപി തരൂരിനെ ‘പിടിക്കാന്‍’ ശ്രമം തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും അദ്ദേഹം ഇതുവരെ വഴങ്ങിയിട്ടില്ല.
‘അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലേ’എന്ന ‘ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ‘ ലേഖകന്റെ ചോദ്യത്തിനാണ് കോണ്‍ഗ്രസല്ലാത്ത സാധ്യതകളെയും തരൂര്‍ പരാമര്‍ശിച്ചത്. ‘എനിക്ക് മുന്നിലുള്ള എല്ലാ സാധ്യതകളും ഗൗരവമായി പരിശോധിക്കുന്നു. സീറ്റ് നല്‍കണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടി ടിക്കറ്റ് നല്‍കിയാല്‍, അത് ഒരു ഓപ്ഷനായിരിക്കാം. മറ്റ് സാധ്യതകളും ഉണ്ട് ‘- തരൂര്‍ ആ അഭിമുഖത്തില്‍ വ്യക്തമാക്കി.
ബിജെപിയെയും ആം ആദ്മി പാര്‍ട്ടിയെയും കുറിച്ചുള്ള ചോദ്യത്തിന് പ്രത്യയശാസ്ത്രപരമായി യോജിക്കാന്‍ കഴിയാത്ത പാര്‍ട്ടികളിലേക്കു പോകില്ലെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ തന്നെ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ മുന്നിലുണ്ടെന്ന സാധ്യത ആ അഭിമുഖത്തില്‍ വിശദീകരിച്ചതിന് മാനങ്ങളേറെയാണ്. ബിജെപിയിലേക്കില്ലെന്ന സൂചന നല്‍കുമ്പോള്‍ പ്രത്യയശാസ്ത്രപരമായി യോജിക്കാവുന്ന ‘ആം ആദ്മി’ മുതലുള്ള മറ്റു സാധ്യതകളെ അദ്ദേഹം ഓര്‍മിപ്പിച്ചത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെയാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഒരു കാലത്തും തരൂരിന് നല്ല ബന്ധമായിരുന്നില്ല. അദ്ദേഹത്തെ ‘ചവിട്ടാന്‍’ കിട്ടിയ ഒരവസരവും ഇവിടത്തെ പ്രമുഖ നേതാക്കള്‍ കൈവിട്ടിരുന്നുമില്ല.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രത്യക്ഷത്തിലുള്ള ‘ശത്രു’വായ മുഖ്യമന്ത്രി പിണറായി വിജയനെ ആ അഭിമുഖത്തില്‍ പരസ്യമായി പ്രശംസിക്കാന്‍ തുനിഞ്ഞതിനെയും കോണ്‍ഗ്രസ് നേതാക്കള്‍ സംശയത്തോടെയാണ് കാണുന്നത്. ‘പിണറായിയുമായി ഇടപെട്ടിട്ടുള്ള പ്രശ്‌നങ്ങളെല്ലാം വളരെ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്തിട്ടുണ്ട്. പിണറായി ഒരു വാക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അത് പാലിച്ചിരിക്കും. എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട് ‘ എന്നായിരുന്നു തരൂരിന്റെ ഇതു സംബന്ധിച്ച ചോദ്യത്തിനുള്ള പ്രതികരണം.
തരൂരിന്റെയും കോണ്‍ഗ്രസിന്റെയും തിരുവനന്തപുരം മണ്ഡലത്തിലെ വലിയ വോട്ട് ബാങ്കായ ലത്തീന്‍ അതിരൂപതയുടെ വിഴിഞ്ഞം സമരം സംബന്ധിച്ച് കോണ്‍ഗ്രസിനെപ്പോലെ പിണറായിയെ അതിരൂക്ഷമായി വിമര്‍ശിക്കാന്‍ തരൂര്‍ തയാറായില്ല. മുഖ്യമന്ത്രിയുടെ നിലപാടില്‍ നിരാശയുണ്ടെന്ന് അറിയിച്ച അദ്ദേഹം, മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തിരമായി അനുഭാവപൂര്‍വം ഇടപെടണമെന്ന് അഭ്യര്‍ഥിച്ചതേയുള്ളൂ.



