കൊച്ചി: ദളിത് ആക്ടിവിസ്റ്റ് രേഖ രാജിനെ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. രേഖാ രാജിന് പകരം രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന്‍ നായരെ നിയമിക്കാനും കോടതി ഉത്തരവിട്ടു.

ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രഫസറായുള്ള രേഖ രാജിന്റെ നിയമനത്തിനെതിരേ റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പിഎച്ച്ഡിയുടെ മാര്‍ക്ക് തനിക്ക് നല്‍കിയില്ല, റിസര്‍ച്ച് പേപ്പറുകള്‍ക്ക് അര്‍ഹതയുള്ളതിലധികം മാര്‍ക്ക് രേഖ രാജിനു നല്‍കി എന്നതായിരുന്നു നിഷയുടെ വാദം.

ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാര്‍, സി.എസ് സുധ എന്നിവര്‍ അടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിയമനം റദ്ദാക്കി ഉത്തരവിട്ടത്. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് രേഖ വ്യക്തമാക്കി.