വത്തിക്കാന്‍ സിറ്റി (സിഎന്‍എസ്): ഈ മാസം 28ന് മധ്യ ഇറ്റാലിയന്‍ നഗരമായ എല്‍’അക്വിലയും അതിന്റെ ബസിലിക്കയും സന്ദര്‍ശിക്കാനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനം അദ്ദേഹത്തിന്റെ രാജി അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍ ഇക്കാര്യം അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ ശക്തമായി നിഷേധിച്ചു.
മാര്‍പാപ്പയ്ക്ക് സ്വമേധയാ രാജിവയ്ക്കാനുള്ള അവകാശം പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിച്ച വിശുദ്ധ സെലസ്റ്റിന്‍ അഞ്ചാമനെ കബറടക്കിയിരിക്കുന്ന ബസിലിക്കയാണ് എല്‍ അക്വില. 1294 ല്‍ അദ്ദേഹം സ്ഥാനത്യാഗം ചെയ്തിരുന്നു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്റെ സ്ഥാനാരോഹണ കുര്‍ബാനയ്ക്കിടെ ധരിച്ചിരുന്ന കമ്പിളികൊണ്ടുള്ള പാലിയം ഉപേക്ഷിച്ചതും ഇവിടെ വച്ചാണ്. നാല് വര്‍ഷത്തിനുശേഷം വരാനിരുന്ന അദ്ദേഹത്തിന്റെ രാജിയുടെ സൂചനയായിരുന്നു ഇതെന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
ഒരു മാര്‍പ്പാപ്പയ്ക്ക് സ്ഥാനമൊഴിയാനുള്ള അവകാശം വിശുദ്ധ സെലസ്റ്റിന്‍ സഭാനിയമത്തില്‍ ഉറപ്പാക്കിയിട്ട് 700 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നാല്‍ വിശദാംശങ്ങള്‍ നിയമത്തില്‍ വ്യക്തമാക്കുന്നില്ല. തീരുമാനം സ്വതന്ത്രമായും ‘യഥാവിധി പ്രകടമാക്കപ്പെടണം’ എന്ന് മാത്രം ആണ് പറയുന്നത്. അത് സാധുവാകുന്നതിന് ആരും മാര്‍പ്പാപ്പയുടെ രാജി ഔദ്യോഗികമായി സ്വീകരിക്കേണ്ടതില്ല.
അതിനര്‍ഥം, തന്റെ പദവിയില്‍നിന്ന് രാജിവയ്ക്കുന്ന റോമിലെ ബിഷപ്പിന്റെ നിയമപരമായ പദവി സംബന്ധിച്ച് കാനോന്‍ നിയമത്തില്‍ ഒന്നും വിശദമാക്കുന്നില്ല എന്നതാണ്. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള പദവി, പേര്, താമസസ്ഥലം എന്താണ്? പിന്‍ഗാമിയുമായി അദ്ദേഹത്തിന്റെ ബന്ധം, സഭയില്‍ അദ്ദേഹത്തിന്റെ പങ്ക്, ചുമതലകള്‍, അധികാരങ്ങള്‍ എന്തായിരിക്കും? മരണശേഷം കബറക്കം എങ്ങനെയായിരിക്കണം തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ലഭിച്ചാല്‍ മാത്രമേ കാനോന്‍ നിയമ വിദഗ്ധര്‍ക്ക് ആശയക്കുഴപ്പം ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ.
സ്ഥാനമൊഴിയുന്ന ഒരു മാര്‍പാപ്പയെ സംബന്ധിച്ച നിരവധി അവ്യക്തതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നിയമനിര്‍മാണം അന്തിമമായി പ്രഖ്യാപിക്കുന്നതിനുള്ള മികച്ച അവസരമാണ് എല്‍ അക്വില സന്ദര്‍ശനം എന്ന്് കാനോന്‍ അഭിഭാഷകനും പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്ലേറ്റീവ് ടെക്സ്റ്റുകളുടെ കണ്‍സള്‍ട്ടന്റുമായ ഒരാള്‍ അഭിപ്രായപ്പെട്ടു. സ്ഥാനമൊഴിയുന്ന മാര്‍പാപ്പായെ സംബന്ധിക്കുന്ന നിരവധി നിര്‍ദേശങ്ങള്‍ സഭയുടെ വിവിധ കോണുകളില്‍നിന്ന് ഉയരുന്നുണ്ട്.



