അംബാനി-അദാനി പോരാട്ടത്തിന് മറ്റൊരു പോർമുഖംകൂടി തുറന്നു. നേരിട്ടുള്ള മത്സരത്തിനായി അംബാനിയുടെ ബിസിനസുകൾ ലക്ഷ്യമിട്ട് വീണ്ടും അദാനി. പരിസ്ഥിതി സൗഹൃദ ഊർജമേഖല, ടെലികോം എന്നിവയ്ക്കുപിന്നാലെ മാധ്യമമേഖലയും പിടിച്ചടക്കാനാണ് അദാനിയുടെ പുതിയ നീക്കം.
ഇതോടെ രാജ്യത്തെ മാധ്യമ ബിസിനസിൽ മുകേഷ് അംബനിയുടെ നെറ്റ് വർക്ക് 18നും അദാനിയുടെ എൻഡിടിവിയും തമ്മിൽ നേരിട്ടുള്ള മത്സരത്തിനാണ് വേദിയൊരുങ്ങുന്നത്.
പിടിച്ചെടുക്കലിന്റെ വഴികൾ
2009-10 കാലഘട്ടത്തിൽ പ്രണോയ് റോയിയുടെ സ്വന്തം എൻഡിടിവിയെടുത്ത 403 കോടി രൂപയുടെ വായ്പയാണ് അദാനിയുടെ പിടിയിലേയ്ക്ക് പ്രമുഖ ദേശീയ മാധ്യമത്തെ കൊണ്ടെത്തിച്ചത്.
7.56ശതമാനം ഓഹരികൾ മാത്രം കൈവശംവെച്ചിരുന്ന ആർആർപിആർ ഹോൾഡിങ്സ് എൻഡിടിവിക്കുവേണ്ടി വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് രണ്ട് ഘട്ടമായി വായ്പയെടുത്തതാണ് കുരുക്കിന്റെ തുടക്കം.
2009 ജൂലായിൽ 350 കോടി രൂപയും 2010 ജനുവരിയിൽ 53 കോടി രൂപയുമാണ് വായ്പയെടുത്തത്. ലോണിന്റെ കരാർ പ്രകാരം ആർആർപിആറിന്റെ 99.99ശതമാനം ഓഹരി മൂലധനവും വായ്പയ്ക്കുപകരമായി ഏറ്റെടുക്കാൻ അനുവാദവും നൽകിയിരുന്നു.
എൻഡിടിവിയുടെ 55.5ശതമാനം ഓഹരിയും സ്വന്തമായിരുന്ന പ്രണോയ് റോയിയും രാധികാ റോയിയും കൈവശമുള്ള ഓഹരിയുടെ ഒരുഭാഗം ആർആർപിആർ ഹോൾഡിങ്സിന് കൈമാറണമെന്നും 2009 ജൂണിലെ വായ്പ കരാറിൽ ആവശ്യപ്പെട്ടിരുന്നു. ഈ നിബന്ധന പ്രകാരം 2010 ജനുവരിയോടെ എൻഡിടിവിയിലുള്ള ആർആർപിആർ ഹോൾഡിങ്സിന്റെ ഓഹരി വിഹിതം 29.18ശതമാനമായി ഉയർന്നു.
അടിമയാക്കി ഉടമയാക്കൽ തന്ത്രം
കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി വെറും ഒരു ലക്ഷം രൂപ വിറ്റുവരവുണ്ടായിരുന്ന വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് ഇപ്പോൾ അദാനി ഗ്രൂപ്പിന്റെ കൈവശമാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനായ മുകേഷ് അംബാനിയുടെ ഷെൽ കമ്പനിയാണ് വിശ്വപ്രധാനെന്നായിരുന്നു നേരത്തയുണ്ടായിരുന്ന അഭ്യൂഹം. അതായത് ആർക്കൊക്കെയോ വേണ്ടി എന്തൊക്കയെ ഉദ്ദേശത്തോടെ രൂപീകരിച്ച കമ്പനി വഴിയാണ് ഈ നീക്കം നടന്നെതന്ന് ചുരുക്കം.
വിശ്വപ്രധാൻ ആരുടെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു വെന്നത് ഇപ്പോഴും ദുരൂഹംമാത്രം. നെക്സ്റ്റ് വേവ് ടെലി വെഞ്ച്വേഴ്സ്, എമിനന്റ് നെറ്റ് വർക്സ് എന്നീ കമ്പനികളിൽനിന്നാണ് വിശ്വപ്രധാനെ അദാനി ഏറ്റെടുക്കുന്നതെന്നുമാത്രം അറിയാം. അതിനുമുമ്പേ, വായ്പക്കുപകരം ആർആർപിആർ ഹോൾഡിങ്സിന്റെ ഓഹരികൾ സ്വന്തമാക്കാനുള്ള അവകാശം വിശ്വപ്രധാൻ തന്ത്രപൂർവും വിനിയോഗിച്ചിരുന്നു.
ഇതോടെ വിശ്വപ്രധാൻവഴി എൻഡിടിവിയുടെ 29.18ശതമാനം ഓഹരികൾ വളഞ്ഞവഴി ഉപയോഗിച്ച് അദാനി കീശയിലാക്കി. അതായത് എൻഡിടിവിയുടെ ഓഹരികൾ നേരിട്ടല്ല, മറ്റൊരുകമ്പനിവഴിയാണ് സ്വന്തമാക്കിയതെന്ന് ചുരുക്കം. അടിമയാക്കി ഉടമയാക്കൽ തന്ത്രം.
ചീത്തപ്പേരുണ്ടാക്കിയ വായ്പ
400 കോടി രൂപയുടെ വായ്പ എൻഡിടിവി പ്രൊമോട്ടേഴ്സിന് നേരത്തെതന്നെ ചീത്തപ്പേരുണ്ടാക്കിയിരുന്നു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ വ്യവസ്ഥകൾ ലംഘിച്ചതായി സെബി കണ്ടെത്തിയതാണ് നാണക്കേടുണ്ടാക്കിയത്. വിശ്വപ്രധാനുമായുള്ള വായ്പ നിബന്ധനകൾ നിക്ഷേപകർക്ക് വെളിപ്പെടുത്താത്തതിന് എൻഡിടിവി പ്രൊമോട്ടർമാർ കുറ്റക്കാരാണെന്നാണ് സെബി കണ്ടെത്തി. അതേ വായ്പയാണ് അദാനിയുടെ കയ്യിൽ ഇപ്പോൾ എൻഡിടിവിയെ എത്തിച്ചതും.
അദാനിയുടെ പിടിയിൽനിന്ന് പ്രണോയ് റോയിക്ക് ഇനി എൻഡിടിവിയെ രക്ഷിക്കാനാകുമോയെന്നാണ് ചോദ്യം. കമ്പനിയിലെ 26ശതമാനംകൂടി ഓഹരി സ്വന്തമാക്കാൻ ഓപ്പൺ ഓഫർ പ്രഖ്യാപിക്കുമെന്ന് അദാനി ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. തുറന്ന പോരാട്ടത്തിനാണ് ഇനി വേദി ഉണരുക. പ്രണോയ് റോയിയുടെ സാമ്രാജ്യം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. പക്ഷേ, പോരാട്ടം എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.



