ഡാളസ്: ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തുന്ന ഇന്ത്യാക്കാരുടെ ഹബ്ബായി ഡാളസ് മാറുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ-അമേരിക്ക സഹകരണം മെച്ചപ്പെടുത്തുന്നതിനായുള്ള ഇന്ത്യന്‍ അമേരിക്കന്‍ സിഇഒ കൗണ്‍സില്‍ എന്ന സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഡാളസ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെയും വിവിധ മേഖലകളില്‍ പ്രഗത്ഭരായ ഇന്ത്യാക്കാരുടെയും ഇഷ്ടസ്ഥലമായി മാറുന്നെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഡാളസിലെ ടെക്‌സസ് സര്‍വകലാശാലയില്‍നിന്ന് നാലുവര്‍ഷത്തെ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കുന്നതിനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം വളരെയധികം വര്‍ധിച്ചിട്ടുണ്ട്. അമേരിക്കയിലുള്ള ഇന്ത്യാക്കാരില്‍ 60 ശതമാനവും കോളജ് വിദ്യാഭ്യാസത്തിനായി തെരഞ്ഞെടുക്കുന്നത് ഡാളസ് ആണ്. ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മേഖലയിലുള്ള അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യാക്കാരില്‍ മൂന്നിലൊരാള്‍ക്ക് ബിരുദ ഡിഗ്രിയുണ്ട്. വടക്കന്‍ ടെക്‌സസിലെ അമേരിക്കന്‍ ഇന്ത്യാക്കാരില്‍ 60 ശതമാനംപേര്‍ക്കും ബിരുദ ഡിഗ്രിയുണ്ട്.

ശാസ്ത്രം, സാങ്കേതികം, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ ജോലിചെയ്യുന്നവരില്‍ നല്ലൊരു ശതമാനവും അമേരിക്കന്‍ ഇന്ത്യാക്കാരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കംപ്യൂട്ടര്‍, ഗണിതം, മാനേജ്‌മെന്റ്, ആരോഗ്യം എന്നീ മേഖലകളിലാണ് ടെക്‌സസിലുള്ള അമേരിക്കന്‍ ഇന്ത്യാക്കാര്‍ ജോലിചെയ്യുന്നത്. ഇന്ത്യയുടെ 75 ാം സ്വാതന്ത്രദിനത്തോടനുബന്ധിച്ചാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

2020 ല്‍ അമേരിക്കയില്‍ പുതുതായി കുടിയേറിയവരില്‍ ആറു ശതമാനം ഇന്ത്യാക്കാരാണ്. കുടിയേറ്റക്കാരുടെ ഇഷ്ടപ്രദേശങ്ങളായ ന്യൂയോര്‍ക്ക് സിറ്റി, ചിക്കാഗോ, സാന്‍ ഫ്രാന്‍സിസ്‌കോ എന്നീ മേഖലകള്‍ക്കു തൊട്ടടുത്ത സ്ഥാനമാണ് ഡാളസ് ഫോര്‍ട്ട് വര്‍ത്തിനുള്ളത്. ബിസിനസ് നടത്തുന്നവരും സ്വയംതൊഴില്‍ നടത്തുന്നവരുമായ ഇന്ത്യാക്കാരും ഇഷ്ടപ്പെടുന്ന മേഖലയാണ് ഡള്ളാസ്.

ടെക്‌സസിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലയായി ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മാറിയിരിക്കുകയാണെന്ന് ഇന്ത്യന്‍ അമേരിക്കന്‍ സിഇഒ കൗണ്‍സില്‍ പ്രസിഡന്റും സഹ സ്ഥാപകനുമായ അരുണ്‍ അഗര്‍വാള്‍ പറഞ്ഞു. ഡള്ളാസിന്റെ ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ഈ മേഖലയിലുള്ള ഇന്ത്യാക്കാര്‍ക്ക് വളരെ പിന്തുണ നല്‍കുന്നു. ഈ മേഖലയെ ഇന്ത്യന്‍ അമേരിക്കന്‍ പ്രഗത്ഭരുടെ പുതിയ ഹബ്ബായി വളരുന്നതിന് അധികൃതരുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് അരുണ്‍ അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യന്‍ അമേരിക്കന്‍ പൗരന്‍മാരുടെ ജനസംഖ്യയില്‍ ഈ മേഖല മൂന്നാം സ്ഥാനത്തും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുമാണ്.