ഭോപ്പാൽ: ബ്രാഹ്മണരെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ ഗ്വാളിയോർ-ചമ്പൽ മേഖലയിലെ നേതാവ് പ്രീതം സിംഗ് ലോധിയെ ബിജെപി പാർട്ടിയിൽനിന്നും പുറത്താക്കി. ഇന്ന് രാവിലെ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി പ്രാഥമിക അംഗത്വത്തിൽനിന്നും അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
രാജ്ഞി അവന്തിഭായ് ലോധിയുടെ ജന്മദിനത്തിൽ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് പ്രീതം സിംഗ് ബ്രാഹ്മണരെ വിമർശിച്ചത്. ബ്രാഹ്മണർ മതത്തിന്റെ പേരിൽ ആളുകളെ വിഢികളാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നെന്നായിരുന്നു പ്രീതം സിംഗിന്റെ പരാമർശം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ഇതോടെ പ്രീതം സിംഗിന്റെ പരാമർശം വിവാദമായി. ബിജെപി യുവജന വിഭാഗം നേതാവ് പ്രവീൺ മിശ്ര പ്രീതം സിംഗിനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു. പാർട്ടിയുടെ നിലപാടിന് വിരുദ്ധമാണ് പ്രീതം സിംഗിന്റെ പരാമർശമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ബഗവൻദാസ് സബ്നാനി പറഞ്ഞു.



