ഡിസ് അബാബ: വിമാനം പറക്കുന്നതിനിടെ കോക്പിറ്റിൽ പൈലറ്റുമാർ കൂർക്കം വലിച്ചുറങ്ങി. വിമാനത്താവളത്തിൽ ഇറങ്ങാതെ വിമാനം പറന്നുനടന്നു. എത്യോപ്യൻ എയർലൈൻസിന്റെ വിമാനമാണ് പൈലറ്റുമാരുടെ ഉറക്കത്തിൽ അപകടപ്പറക്കൽ നടത്തിയത്.
വിമാനം സുഡാനിലെ ഖാർത്തുമിൽനിന്ന് ഇത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിലേക്ക് വരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പൈലറ്റുമാർ ഉറങ്ങിയപ്പോൾ ബോയിംഗ് 737 ന്റെ ഓട്ടോ പൈലറ്റ് സംവിധാനമാണ് വിമാനത്തെ നിയന്ത്രിച്ചത്.
ആഡിസ് അബാബ വിമാനത്താവളത്തിനു അടുത്ത് എത്തിയപ്പോൾ എയർ ട്രാഫിക് കൺട്രോളിൽനിന്ന് (എടിസി) സന്ദേശം ലഭിച്ചിട്ടും വിമാനം താഴ്ന്നില്ല. ഇതോടെ ആശങ്കയായി. ആ സമയം വിമാനം റൺവേയ്ക്കു മുകളിലൂടെ 37,000 അടി ഉയരെ പറക്കുകയായിരുന്നു.
എടിസി പലതവണ പൈലറ്റുമാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ലാൻഡ് ചെയ്യേണ്ട ഭാഗത്ത് റൺവേയ്ക്കു മുകളിലൂടെ വിമാനം പറന്നപ്പോൾ ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെട്ടു. പിന്നാലെ മുന്നറിയിപ്പ് അലാം അടിച്ചു. ഇതുകേട്ടപ്പോഴാണ് പൈലറ്റുമാർ ഉണർന്നതെന്നാണ് റിപ്പോർട്ട്.
പിന്നീട് 25 മിനിറ്റുകൾക്കുശേഷം വിമാനം തിരിച്ചു റൺവേയിൽ സുരക്ഷിതമായി ഇറക്കി. ആർക്കും പരുക്കില്ല. നിലത്തിറക്കിയശേഷം രണ്ടര മണിക്കൂറിനുശേഷമാണ് വീണ്ടും പറക്കാൻ അനുവദിച്ചത്.



