ന്യൂഡല്ഹി: കോവിഡ് കാലത്ത് പാരസെറ്റമോൾ മരുന്നായ ഡോളോയുടെ നിർമാതാക്കൾ ഡോക്ടർമാർക്ക് സൗജന്യങ്ങൾ നൽകാൻ ചെലവഴിച്ചത് 1000 കോടി രൂപ. മെഡിക്കൽ റെപ്രസന്റേറ്റീവ്സിന്റെ സംഘടന സുപ്രീം കോടതിയിൽ അറിയിച്ചതാണ് ഇക്കാര്യം. ഡോളോ വ്യാപകമായി ഉപയോഗിക്കാൻ ഡോക്ടർമാർക്കും മെഡിക്കൽ റെപ്രസന്റേറ്റീവുമാർക്കും കമ്പനി വൻതോതിൽ സൗജന്യങ്ങൾ നൽകി.
ഡോളോ 650 എംജി ഉപയോഗിക്കാൻ 1000 കോടി രൂപയുടെ സൗജന്യമാണ് ഡോളോ കമ്പനി നൽകിയതെന്ന് ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരീഖ് കോടതിയിൽ അറിയിച്ചു. വിവേകരഹിതമായാണ് ഡോക്ടർമാർ ഡോളോ നിർദേശിക്കുന്നതെന്നും പരീഖ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് പറഞ്ഞു. ഇത്തരം സമ്പ്രദായങ്ങളെ നിരോധിക്കുന്ന നിയമമോ നിയന്ത്രണമോ നിലവിൽ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാദത്തിനിടെ തനിക്കും കോവിഡ് കിടക്കയിൽ ഡോളോ ലഭിച്ചത് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ഓർത്തു. കോവിഡ് ബാധിതനായി ചികത്സയിൽ കഴിയുന്ന വേളയിൽ തനിക്കും നൽകിയിരുന്നത് ഡോളോ 650 ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
പരീഖിന്റെ വാദങ്ങൾ കേട്ട ശേഷം ജസ്റ്റീസുമാരായ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് ഇത് ഗുരുതരമായ പ്രശ്നമാണെന്ന് നിരീക്ഷിച്ചു. മരുന്നുകൾക്ക് പ്രചാരണം നൽകുന്നതിന് ഡോക്ടർമാർക്കും മറ്റും ഫർമസ്യൂട്ടിക്കൽ കമ്പനികൾ സൗജന്യങ്ങൾ നല്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ഗൗരവമേറിയ ഈ വിഷയത്തിൽ പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നാടാരാജിനോട് സുപ്രീം കോടതി നിർദേശിച്ചു. ഈ ആരോപണത്തെക്കുറിച്ച് പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.



