മുംബൈ: മഹാരാഷ്ട്ര തീരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബോട്ട് ഓസ്ട്രേലിയൻ ദമ്പതികളുടേതാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസ്. എഞ്ചിൻ തകാറിനെ തുടർന്നാണ് ബോട്ട് ഉപേക്ഷിച്ചതെന്നും തീവ്രവാദപ്രവർത്തനങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.
ബോട്ടിൽനിന്ന് മൂന്ന് എകെ 47 തോക്കുകളും ബുള്ളറ്റും രേഖകളും കണ്ടെടുത്തിരുന്നു. പ്രഥമദൃഷ്ട്യാ ഭീകരവാദപ്രവർത്തനവുമായി ബന്ധം കാണുന്നില്ല, എന്നാൽ എന്തുകൊണ്ടാണ് ബോട്ടിൽ ആയുധങ്ങൾ സൂക്ഷിച്ചതെന്ന് വ്യക്തമല്ലെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
അന്വേഷണം പുരോഗമിക്കുകയാണ്. ഇപ്പോൾ ഇതിന്റെ ഒരുവശവും തള്ളിക്കളയാനാവില്ല. എന്നാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഫഡ്നാവിസ് അറിയിച്ചു.
റായ്ഗഡിലെ ഹരിഹരേശ്വര്‍ കടല്‍തീരത്താണ് ബോട്ട് കണ്ടത്. ലേഡി ഹാൻ എന്ന ബോട്ട് ഓസ്ട്രേലിയൻ പൗരയായ ഹന ലോണ്ടർഗന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇവരുടെ ഭർത്താവ് ജെയിംസ് ഹാർബെർട്ട് ക്യാപ്റ്റനാണ്.
മസ്കറ്റ് വഴി യൂറോപ്പിലേക്ക് പോകുകയായിരുന്ന ബോട്ട് ജൂൺ 26 ന് ആണ് തകരാറിലായത്. അന്ന് ഉച്ചയോടെ തന്നെ ബോട്ടിലെ ജീവനക്കാരെ രക്ഷപെടുത്തിയിരുന്നു. എന്നാൽ ബോട്ട് വലിച്ചുകൊണ്ടുപോകാൻ കഴിയാത്തതിനാൽ കടലിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു. അതാണ് മഹാരാഷ്ട്ര തീരത്ത് അടിഞ്ഞത്. തീരത്ത് സുരക്ഷ ശക്തമാക്കുകയും പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.



