അമേരിക്കന്‍ സാമ്പത്തിക രംഗത്ത് മാന്ദ്യത്തിന്റെ സൂചനകള്‍ രൂപപ്പെട്ടു തുടങ്ങിയതോടെ, ഇന്ത്യന്‍ ഐടി കമ്പനികള്‍ ഇവിടെ കരുതല്‍ നടപടികള്‍ തുടങ്ങി. രാജ്യത്തെ ഐടി ഇടപാടുകളുടെ 40% മുതല്‍ 78% വരെ അമേരിക്കയുമായിട്ടായതിനാല് മിക്ക കമ്പനികളും ചെലവു ചുരുക്കല്‍ ആരംഭിച്ചിട്ടുണ്ട്. സാമ്പത്തികമാന്ദ്യം വന്നാല്‍ യുഎസ് കമ്പനികള്‍ ആദ്യം ചെലവു ചുരുക്കുന്നത് ഐടി പദ്ധതികളിലാവും എന്നതാണു കാരണം.
രണ്ട് രീതിയിലാണ് ടെക്കികളെ ഇതു ബാധിക്കുകയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 1. തുടക്കക്കാരുടെ റിക്രൂട്ട്മെന്റ് കുറയാം. ചില കമ്പനികള്‍ ക്യാംപസ് റിക്രൂട്മെന്റ് നടത്തിയ ശേഷം ജോലിക്കു ചേരേണ്ട തീയതി അറിയിക്കാതെ നീട്ടിക്കൊണ്ടു പോകുന്നത് ഇതിന്റെ ഭാഗമാണ്. 2. കോവിഡ് കാലത്ത് വന്‍ ശമ്പളം നല്കി മറ്റു കമ്പനികളില്‍ നിന്നു റാഞ്ചിയവരെ വേണ്ടാതാകുന്ന സ്ഥിതി വരാം. ചെലവ് കൂടിയവരെ ഒഴിവാക്കുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്തേക്കാം.
യൂറോപ്പിലും മാന്ദ്യം വരുന്നുണ്ടെന്നാണ് വിലയിരുത്തല്‍. വര്‍ഷാവസാനം അത് യാഥാര്‍ഥ്യമായേക്കും. മാന്ദ്യം മുന്നില്‍ കണ്ട് ഇന്ത്യന്‍ ഐടി കമ്പനികളുടെ ഓഹരി മൂല്യത്തില്‍ ഇടിവു നേരിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 10.4% വളര്‍ച്ചാ നിരക്ക് നേടിയ ഇന്ത്യന്‍ ഐടിക്ക് നടപ്പു വര്‍ഷം 6.7% വളര്‍ച്ച മാത്രമേ ഉണ്ടാവൂ എന്നാണു കണക്കാക്കുന്നത്. അമേരിക്കന്‍ മാന്ദ്യം മുന്നില്‍കണ്ട് എല്ലാ കമ്പനികളും കരുതല്‍ ധനം വര്‍ധിപ്പിക്കുന്നുണ്ട്. ഐടി രംഗത്ത് ആകെ ചെലവിന്റെ 70% വരെ ടെക്കികളുടെ ചെലവാണ്. സ്വാഭാവികമായും അതു കുറയ്ക്കാനാണ് ശ്രമം. ഐടി തലസ്ഥാനമായ ബെംഗളൂരുവില്‍ ഇതിന്റെ ആഘാതം അനുഭവപ്പെട്ടു തുടങ്ങി. സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യവും ഫണ്ടിങ്ങും കുറഞ്ഞു.



