ന്യൂഡല്‍ഹി: രാജ്യം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ 5ജി സ്‌പെക്ട്രം (റേഡിയോ തരംഗം) ലേലത്തില്‍ ആദ്യ ദിനം റെക്കോര്‍ഡ് തുകയുടെ ലേലംവിളി. 1.45 ലക്ഷം കോടി രൂപയ്ക്കാണ് ആദ്യ ദിനം ലേലം വിളി നടന്നത്. പ്രതീക്ഷകള്‍ മറികടന്നുള്ള നേട്ടമാണ് ഇതെന്ന് ടെലകോം മന്ത്രാലയം വ്യക്തമാക്കി. മിഡ്ഫ്രീക്വന്‍സി ബ്രാന്‍ഡിലും ഹൈ ഫ്രീക്വന്‍സി ബ്രാന്‍ഡിലുമായിരുന്നു കൂടിയ ലേലംവിളി. നാലു റൗണ്ട് ലേലമാണ് പൂര്‍ത്തിയായത്. അഞ്ചാം റൗണ്ട് മുതലുള്ള ലേലം ബുധനാഴ്ച നടക്കും. ഇന്ത്യ ഇതുവരെ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ സ്‌പെക്ട്രം ലേലമാണിത്.
ലേലത്തിലൂടെ കമ്പനികള്‍ക്ക് ലഭിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഉപയോഗിച്ചാണ് രാജ്യത്ത് 5ജി സേവനം ലഭ്യമാക്കുക. 4ജിയെ അപേക്ഷിച്ച് 10 മടങ്ങ് ഇന്റര്‍നെറ്റ് വേഗമാണ് 5ജിയില്‍ പ്രതീക്ഷിക്കുന്നത്. വര്‍ഷാവസാനത്തോടെ തിരഞ്ഞെടുക്കപ്പെട്ട മെട്രോ നഗരങ്ങളില്‍ സേവനം ആരംഭിച്ചേക്കും. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ഐഡിയ, അദാനി ഗ്രൂപ്പ് എന്നീ കമ്പനികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.
ഇതില്‍ റിലയന്‍സ് ജിയോയും എയര്‍ടെലുമായിരിക്കും ഏറ്റവും സജീവമായി ലേലത്തില്‍ പങ്കെടുക്കുക. റിലയന്‍സ് ജിയോ തന്നെ താരം മറ്റ് 3 കമ്പനികള്‍ വച്ച തുകയുടെ ഇരട്ടിയോളമാണ് റിലയന്‍സ് ജിയോ കെട്ടിവച്ചത്. കെട്ടിവച്ച തുകയുടെ 9 ഇരട്ടിയോളം മൂല്യമുള്ള സ്‌പെക്ട്രമാണ് ഒരു കമ്പനിക്ക് സ്വന്തമാക്കാവുന്നത്. ഇതനുരിച്ച് 14,000 കോടി രൂപ കെട്ടിവച്ച റിലയന്‍സ് ജിയയോയ്ക്ക് ഏകദേശം 1.26 ലക്ഷം കോടി രൂപയുടെ സ്‌പെക്ട്രം വാങ്ങാം. 5,500 കോടി കെട്ടിവച്ച എയടര്‍ടെലിന് 49,500 കോടിയുടെ സ്‌പെക്ട്രം വാങ്ങാം.
സാമ്പത്തികപ്രതിസന്ധി നേരിടുന്ന വോഡഫോണ്‍ഐഡിയ (വിഐ) ആകട്ടെ കെട്ടിവച്ചത് 2,200 കോടി രൂപ മാത്രമാണ്. ഇതുവഴി 19,800 കോടിയുടെ സ്‌പെക്ട്രം ലഭിക്കാം. ഏതാനും സര്‍ക്കിളുകളിലേക്ക് മാത്രമായിരിക്കും വിഐയുടെ ബിഡ് എന്നു ചുരുക്കം. പുതുമുഖമായ അദാനി ഗ്രൂപ്പ് കെട്ടിവച്ചത് 100 കോടിയായതിനാല്‍ സ്‌പെക്ട്രത്തിന് പരമാവധി 900 കോടി രൂപ വരെ മാത്രമേ ചെലവഴിക്കൂ. സ്വകാര്യ 5ജി ശൃംഖലകള്‍ വികസിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അദാനി ഗ്രൂപ്പ് ലേലത്തില്‍ പങ്കെടുക്കുന്നത്.
നാലിടങ്ങില്‍ 5ജി തയാറെടുപ്പ് പരീക്ഷണം പൂര്‍ത്തിയായി 5ജിയുടെ മുന്നോടിയായി ഇലക്ട്രിക് പോസ്റ്റുകള്‍, മെട്രോ പില്ലറുകള്‍, ട്രാഫിക് ലൈറ്റുകള്‍, വഴിവിളക്കുകള്‍ എന്നിവയെ മിനി ടെലികോം ടവറുകളാക്കുന്ന (സ്‌മോള്‍ സെല്‍) പ്രക്രിയ സംബന്ധിച്ച പഠനം രാജ്യത്ത് നാലിടങ്ങളില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പൂര്‍ത്തിയാക്കി. ഡല്‍ഹി വിമാനത്താവളം, കണ്ട്‌ല തുറമുഖം, ബെംഗളൂരു മെട്രോ റെയില്‍, ഭോപ്പാല്‍ സ്മാര്‍ട് സിറ്റി എന്നിവിടങ്ങളിലായിരുന്നു പരീക്ഷണം. നിലവിലെ മൊബൈല്‍ ടവറുകള്‍ ഒരു വലിയ മേഖലയില്‍ കവറേജ് നല്‍കുന്നവയാണെങ്കില്‍ 5ജി ടവറുകള്‍ ഒരു ചെറിയ പ്രദേശം മാത്രം കവര്‍ (സ്‌മോള്‍ സെല്‍) ചെയ്യുന്നതായിരിക്കും.



