ന്യൂഡൽഹി: എയർ ഇന്ത്യ മാനേജിങ് ഡയറക്ടർ ആന്റ് സിഇഒ ആയി കാംപ്ബെൽ വിൽസൺ സ്ഥാനമേറ്റേക്കും. സിങ്കപ്പൂർ എയർലൈനിൽ ദീർഘകാലം പ്രവർത്തന പരിചയമുള്ള ഇദ്ദേഹത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സെക്യുരിറ്റി ക്ലിയറൻസ് ലഭിച്ചു. ഇക്കഴിഞ്ഞ ജനുവരി മാസത്തിൽ എയർ ഇന്ത്യയുടെ നടത്തിപ്പ് ഏറ്റെടുത്ത ടാറ്റ സൺസാണ് മെയ് 12 ന് കാംപ്ബെൽ വിൽസണിനെ എയർ ഇന്ത്യ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അറിയിച്ചത്.
സിങ്കപ്പൂർ എയർലൈനിന്റെ ബജറ്റ് വിമാനക്കമ്പനിയായിരുന്ന സ്കൂട്ടിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ജൂൺ 15 നാണ് അദ്ദേഹം ഈ സ്ഥാനത്ത് നിന്ന് വിരമിച്ചത്. പിന്നീട് ജൂൺ 20 ന് ദില്ലിയിലെ എയർ ഇന്ത്യ ആസ്ഥാനത്ത് ഇദ്ദേഹം വന്നിരുന്നു. അതിന് ശേഷം ഇന്ത്യയൊട്ടാകെ എയർ ഇന്ത്യയുടെ കേന്ദ്രങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.
എന്നാൽ എയർ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ ആന്റ് സിഇഒ ചുമതല ഏറ്റെടുക്കാൻ അദ്ദേഹത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സെക്യുരിറ്റി ക്ലിയറൻസ് ആവശ്യമായിരുന്നു. ഇന്ത്യാക്കാരനാണെങ്കിലും വിദേശ പൗരനാണെങ്കിലും വിമാനക്കമ്പനികളിൽ ഉന്നത പദവികളിലേക്ക് നിയോഗിക്കപ്പെടുന്നവർക്ക് സുരക്ഷാ ക്ലിയറൻസ് ഇല്ലാതെ പ്രവർത്തിക്കാനാവില്ല.



