ലണ്ടന്‍: യൂറോപ്പിനൊപ്പം ഉഷ്ണതരംഗത്തിന്റെ പിടിയിലായ ബ്രിട്ടന്‍ കൊടുംചൂടില്‍ റെക്കോര്‍ഡിട്ടു. ലണ്ടനിലെ ഹീത്രോയില്‍ ഇന്നലെ ഉച്ചയ്ക്ക് 12.50ന് 40.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയാണ് ഉയര്‍ന്ന താപനിലയില്‍ രാജ്യം ചരിത്രം കുറിച്ചത്. 2019 ല്‍ ജൂലൈയില്‍ കേംബ്രിജില്‍ രേഖപ്പെടുത്തിയ 38.7 ഡിഗ്രിയാണ് മുന്‍ റെക്കോര്‍ഡ്.

ലണ്ടന്‍ നഗരത്തില്‍ ഇന്നലെ പലയിടങ്ങളിലും തീപിടിത്തമുണ്ടായതായി മേയര്‍ സാദിഖ് ഖാന്‍ അറിയിച്ചു. ഗുരുതര സാഹചര്യമാണു നിലവിലെന്നും മേയര്‍ പറഞ്ഞു. വെനിങ്ടന്‍, ക്രോയ്ഡന്‍, അപ്മിന്‍സ്റ്റര്‍, സൗത്ത്‌ഗേറ്റ്, ഗ്രീന്‍ ലെയ്ന്‍സ് എന്നിവിടങ്ങളില്‍ വീടുകളിലും പുല്‍പ്രദേശങ്ങളിലും റസ്റ്ററന്റിലും തീപിടിത്തമുണ്ടായി.

പുറത്തും ബാല്‍ക്കണിയിലും ബാര്‍ബിക്യൂ ഒഴിവാക്കാനും കുപ്പി, ചില്ലു കഷണങ്ങള്‍ എന്നിവ പുല്ലില്‍ ഉപേക്ഷിക്കാതിരിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. ട്രെയിനുകള്‍ പലയിടത്തും റദ്ദാക്കി. താപനില 42 ഡിഗ്രിവരെയാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇത്തരം പ്രതിഭാസങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ബ്രിട്ടനിലെ കാലാവസ്ഥ വകുപ്പ് പറയുന്നു. ഉയര്‍ന്ന താപനില ഓരോ 3 വര്‍ഷം കൂടുമ്പോഴും പതിവായേക്കുമെന്നാണ് മുന്നറിയിപ്പ്.

പടിഞ്ഞാറന്‍ യൂറോപ്പില്‍ താപനില ഉയരുന്നതിനൊപ്പം കാട്ടുതീയും പടരുന്നു. ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഗ്രീസ് എന്നിവിടങ്ങളില്‍ കാട്ടുതീ മൂലം 30,000 പേര്‍ വീടൊഴിഞ്ഞു. വടക്കുപടിഞ്ഞാറന്‍ സ്‌പെയിനിലും വടക്കന്‍ പോര്‍ച്ചുഗലിലും 2 പേര്‍ വീതം മരിച്ചു.