ആലപ്പുഴ: ആലപ്പുഴ ബീച്ചിലെത്തുന്ന കമിതാക്കളെ ലക്ഷ്യമിട്ടു ബ്ലാക്ക് മെയിൽ സംഘം. ഇവരുടെ ആസൂത്രിതമായ നീക്കത്തിൽ ഒട്ടേറേപ്പേർക്കാണു ദിവസവും പണവും സ്വർണവും മറ്റു വിലപ്പെട്ട വസ്തുക്കളും നഷ്ടമാകുന്നത്. മാനഹാനി ഭയന്ന് ആരും പരാതിപ്പെടാത്തത് ഇവർക്ക് അനുഗ്രഹമാണ്. ഓരോദിവസവും ഇത്തരം സംഭവങ്ങൾ കൂടിവരുകയാണ്.
ബീച്ചിൽ കാറ്റാടിഭാഗം, വിജയാപാർക്കിന്റെ പിൻവശം എന്നിവിടങ്ങളിൽ ഇരിക്കുന്നവരെയാണ് ഇവർ കൂടുതലായും ലക്ഷ്യമിടുന്നത്. കമിതാക്കളാണെന്നു മനസ്സിലാക്കിയാൽ ഇവർ പദ്ധതി ആസൂത്രണം ചെയ്യും. ഇവർ ഇടപഴകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ആരുമറിയാതെ സംഘം ചിത്രീകരിക്കും.
കുറച്ചുസമയത്തിനുശേഷം കമിതാക്കളുടെ മുന്നിലെത്തുന്ന സംഘം ഈ ചിത്രങ്ങളും വീഡിയോകളും കാണിച്ചു ഭീഷണിപ്പെടുത്തും. പണവും സ്വർണവുമാണ് ആവശ്യപ്പെടുന്നത്. പറയുന്നതു നൽകിയില്ലെങ്കിൽ പകർത്തിയ കാര്യങ്ങൾ പ്രചരിപ്പിക്കുമെന്നു പറഞ്ഞാണു ഭീഷണി. ഇവരുടെ വിരട്ടലിൽ പലരും പെട്ടുപോകും. പോലീസിനോടുപോലും പറയാൻ ഇവർക്കു സാധിക്കില്ല. മിക്കവരും വീട്ടുകാരറിയാതെയാകും ബീച്ചിലെത്തുന്നത്.
പുറംലോകമറിഞ്ഞാലുള്ള നാണക്കേടും ഭയവും നിമിത്തം ഭീഷണിക്കുവഴങ്ങി പറയുന്നതെല്ലാം ഈ സംഘത്തിനു നൽകും. ചിലർ ഈ ഭീഷണിക്കു വഴങ്ങിക്കൊടുക്കാറില്ല. അവരെ ആക്രമിച്ച് സ്വർണവും പണവും കൈക്കലാക്കും. ബീച്ചിൽ കാറ്റാടിക്കു തെക്കുഭാഗത്തെ അയ്യപ്പൻപൊഴിയും പരിസരവും കേന്ദ്രീകരിച്ചാണു പ്രധാനമായും ഈ ബ്ലാക്ക് മെയിൽസംഘം പ്രവർത്തിക്കുന്നത്.
കമിതാക്കൾ മിക്കവരും ചെല്ലുന്നതും ഈ ഭാഗത്താണ്. ഇതറിഞ്ഞുകൊണ്ടു തന്നെയാണ് അക്രമിസംഘം ഇവിടെ തമ്പടിക്കുന്നത്. കമിതാക്കൾ ഇരിക്കുന്നതിന്റെ അടുത്തുതന്നെ കുറ്റിക്കാടുകളിൽ നുഴഞ്ഞുകയറി ക്യാമറകൾവെച്ച് അതു ഷൂട്ടുചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഇവർക്കുണ്ട്. തങ്ങളുടെ തൊട്ടപ്പുറത്ത് ആളുണ്ടെന്നുപോലും കമിതാക്കൾക്ക് അറിയാൻ സാധിക്കില്ല. കൂട്ടംചേർന്നുള്ള നീക്കമായതിനാൽ കമിതാക്കൾക്കു പ്രതികരിക്കാൻ പോലും സാധിക്കില്ല.
ബീച്ചിലെത്തി തങ്ങളുടെ സമ്പത്തെല്ലാം ക്രിമിനൽ സംഘം കൊണ്ടുപോയാലും ഒരക്ഷരം മിണ്ടാതെ ഇവർ തിരിച്ചുപോകുന്നത് ഈ സംഘത്തിനു കൂടുതൽ പ്രോത്സാഹനമാണ്. കഞ്ചാവും മയക്കുമരുന്നുമുപയോഗിച്ചാണ് ഈ സംഘം യുവാക്കളെ കുരുക്കിലാക്കുന്നത്. ഉച്ചയ്ക്കു 12 മുതൽ വൈകീട്ട് മൂന്നുവരെയുള്ള സമയത്താണു ബീച്ചിൽ ഇവരുടെ അഴിഞ്ഞാട്ടം.
ആളില്ലാതെ ടൂറിസം പോലീസ്
ബീച്ചിൽ ഇത്തരം ക്രിമിനൽസംഘങ്ങളെ നേരിടേണ്ട ചുമതലയുള്ള ടൂറിസം പോലീസ് നോക്കുകുത്തിയായ അവസ്ഥയാണ് ഇപ്പോഴുള്ളത്. ആവശ്യത്തിനു ഉദ്യോഗസ്ഥരില്ലാത്തതാണു ടൂറിസം പോലീസ് നേരിടുന്ന വെല്ലുവിളി. ആകെ രണ്ടുപോലീസുകാർ മാത്രമാണു ബീച്ചിലും പുന്നമടയിലുമായി ജോലി ചെയ്യുന്നത്. മുൻപു 15-ലധികം പോലീസുകാർ ടൂറിസം പോലീസിൽ ജോലിചെയ്തിരുന്നതാണ്.
ആയിരക്കണക്കിനുപേർ വരുന്ന ആലപ്പുഴ ബീച്ചിലാണ് ആളില്ലാതെ പോലീസ് ജോലിചെയ്യുന്നത്. കീലോമീറ്ററുകൾ നിരന്നുകിടക്കുന്ന ബീച്ചിൽ അനിഷ്ടസംഭവങ്ങൾ നേരിടുന്നതിനു കൂടുതൽ പോലീസ് ആവശ്യമുണ്ട്.
എന്നാൽ, സ്ഥലംമാറ്റമുണ്ടായതാണ് അംഗസംഖ്യകുറയാൻ കാരണമെന്നും വരുംദിവസങ്ങളിൽ പട്രോളിങ് ശക്തമാക്കുമെന്നും ടൂറിസം പോലീസ് അറിയിച്ചു.
കമിതാക്കളെ ഭീഷണിപ്പെടുത്തി സ്വർണമാല തട്ടിപ്പറിച്ച സംഭവം: പ്രധാന പ്രതി ഒളിവിൽ
ആലപ്പുഴ ബീച്ചിൽ കമിതാക്കളിൽനിന്നു സ്വർണമാല തട്ടിപ്പറിച്ച സംഭവത്തിൽ പ്രധാന പ്രതി ഒളിവിൽ. ശനിയാഴ്ച ഉച്ചയ്ക്കു രണ്ടോടെ കടപ്പുറത്ത് അയ്യപ്പൻപൊഴി ഭാഗത്തായിരുന്നു സംഭവം. കമിതാക്കളുടെ ചിത്രവും വീഡിയോയുമെടുത്തു പ്രതി പണമാവശ്യപ്പെടുകയായിരുന്നു. ഇതിൽ വഴങ്ങാതായതോടെ യുവാവിനെ മർദിച്ചു മാലയും ഫോണും പ്രതി കൈക്കലാക്കി.
എന്നാൽ, പ്രതിയെ യുവാവു പിന്തുടർന്നതോടെ ഫോൺ മടക്കിനൽകി. യുവതിയെ വീട്ടിലാക്കിയ ശേഷമെത്തി യുവാവ് ടൂറിസം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേസമയം സമാനമായി വള തട്ടിപ്പറിച്ചെന്നാരോപിച്ചു മറ്റൊരുയുവതിയും പരാതി നൽകിയിരുന്നു. സംഭവമറിഞ്ഞു പോലീസ് സ്ഥലത്തെത്തിയപ്പോൾ ഒരു യുവാവ് കാറ്റാടി ഭാഗത്തുനിന്ന് ഓടിരക്ഷപ്പെടുന്നതു പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
ഇയാളെ പിൻതുടർന്നു ചോദ്യംചെയ്തപ്പോൾ കഞ്ചാവ് കണ്ടെത്തി. ചോദ്യംചെയ്യലിൽ ഇയാൾക്കു മാലമോഷണത്തിൽ പങ്കില്ലെന്നു വ്യക്തമായി. പിന്നീടുള്ള അന്വേഷണത്തിൽ മാലതട്ടിപ്പറിച്ചയാളെക്കുറിച്ചു പോലീസിനു കൃത്യമായ വിവരം ലഭിച്ചു. എന്നാൽ, ഇയാൾ ഒളിവിൽപ്പോയി. മുൻപും ക്രിമിനൽ കേസിൽ പ്രതിയായ ഇയാൾ മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ടയാളാണെന്നും പോലീസ് പറയുന്നു.
വർഷങ്ങൾക്കുമുൻപു സമാനമായി അധ്യാപകനെ ഭീഷണിപ്പെടുത്തി പണംതട്ടിയ സംഭവത്തിലെയും പ്രതിയാണിയാൾ. ഇയാൾക്കെതിരേ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.



