തിരുവനന്തപുരം: ഇൻഡിഗോയ്ക്കെതിരേ തിങ്കളാഴ്ച നടത്തിയ പ്രഖ്യാപനത്തിൽ ഉറച്ചുനിന്നാൽ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജന് കണ്ണൂർ-തിരുവനന്തപുരം യാത്ര ട്രെയിനിൽ തന്നെ ആക്കേണ്ടി വരുമോ. ഇൻഡിഗോ വിമാനത്തിൽ ഇനി കയറില്ലെന്ന തീരുമാനത്തിലാണ് ഇ.പി. നിലവിൽ ഇൻഡിഗോ വിമാനക്കമ്പനിക്ക് മാത്രമാണ് തിരുവനന്തപുരം- കണ്ണൂർ വിമാനസർവീസ് ഉള്ളത്. മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ, നടന്നുപോയാലും ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ല എന്നാണ് ജയരാജൻ രാവിലെ പറഞ്ഞത്.
തിരുവനന്തപുരം- കണ്ണൂർ വിമാന സർവീസുകളിൽ ആകെയുള്ള നാലെണ്ണത്തിൽ മൂന്നും ഇൻഡിഗോയാണ് നടത്തുന്നത്. ഒരു എയർ ഇന്ത്യാ സർവീസ് ഉണ്ടെങ്കിലും അത് നേരിട്ടല്ല. തിരുവനന്തപുരം-ഡൽഹി വഴി കണ്ണൂരിലേക്കാണ്. ഇതിന് 14 മണിക്കൂർ സമയമെടുക്കും. പുതിയ വിമാനക്കമ്പനികൾ സർവീസ് നടത്തിയില്ലെങ്കിൽ ജയരാജന്റെ ആകാശയാത്ര ആശങ്കയിലാകും. ഇന്റർനാഷണൽ സർവീസ് ആയാലും നാഷണൽ സർവീസ് ആയാലും താനോ കുടുംബക്കാരോ ഇൻഡിഗോ വിമാനത്തിൽ ഇനി യാത്രചെയ്യില്ലെന്നും ജയരാജൻ പറഞ്ഞിരുന്നു.



