ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതഭയ രജപക്‌സെ രാജിവെച്ചു. രാജി ശ്രീലങ്കന്‍ സ്പീക്കര്‍ക്ക് അയച്ചുകൊടുത്തതായി അറിയുന്നു. പ്രസിഡന്റിന്റെ രാജിക്ക് പിന്നാലെ കൊളംബോയില്‍ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചാണ് പ്രസിഡന്റ് രാജി പ്രക്ഷോഭകാരികള്‍ ആഘോഷിച്ചത്.

പ്രസിഡന്റിന്റെ രാജി ജനകീയ വിജയമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഗോട്ടബയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സര്‍വ്വകക്ഷി സര്‍ക്കാര്‍ നിലവില്‍ വരുമെന്ന് പ്രതിക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു.

സ്പീക്കര്‍ ആക്ടിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ അംഗീകരിക്കില്ല. രണ്ട് പേരും ഒഴിയാതെ പൂര്‍ണമായും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും പ്രക്ഷോഭകര്‍ വ്യക്തമാക്കി. എങ്കിലും പ്രസിഡന്റിന്റെ രാജിയെ വിജയദിനമെന്നും ഇവര്‍ വിശേഷിപ്പിക്കുന്നു.