കോഴിക്കോട്: ഒളിമ്പ്യന്‍ പി.ടി. ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനെക്കുറിച്ച് പ്രതികരിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം. അവരുടെ പേരുപറയാതെ ആയിരുന്നു പരാമര്‍ശം. മനുഷ്യാവകാശപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെയും മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാറിനെയും വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി ടൗണ്‍ഹാളില്‍ നടത്തിയ പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയെക്കുറിച്ച് പറയുമ്പോഴായിരുന്നു പരാമര്‍ശം. അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ വിരമിച്ചതിന്റെ അടുത്തമാസം രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെക്കുറിച്ച് പറഞ്ഞതിനു പിന്നാലെയായിരുന്നു പി.ടി ഉഷയെപ്പറ്റിയുളള പരാമര്‍ശം.

”ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചത്” -കരീം പറഞ്ഞു.