
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ലിംഗ രാഷ്ട്രീയത്തെ കുറിച്ചുളള ക്ലാസില്‍ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വേര്‍തിരിച്ചിരുത്തി നടുക്ക് തുണികെട്ടി മറച്ചു. ഇസ്ലാമിക സംഘടനയായ വിസ്ഡം നേതാവ് അബ്ദുള്ള ബേസിലാണ് ഇത്തരത്തില്‍ യോഗം നടത്തിയത്. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ കാണാത്ത വിധത്തില്‍ നടുക്കായി മറകെട്ടി മറച്ചായിരുന്നു ക്ലാസ്.
ജെന്‍ഡര്‍ പൊളിറ്റിക്സും അതിന് പിന്നിലെ ജീവിതങ്ങളും ആശയങ്ങളും എന്ന വിഷയത്തില്‍ സംവദിക്കാനാണ് യോഗം നടത്തിയതെന്ന് മത പ്രഭാഷകന്‍ കൂടിയായ അബ്ദുള്ള ബേസില്‍ പറഞ്ഞു. ആണ്-പെണ് വേര്‍തിരിവുകളുടെ വിഷയത്തില്‍ മതത്തിനും ലിബറല്‍ ആശയങ്ങള്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാട് ആണുള്ളത്. ആ വ്യത്യസ്തതകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവരോട് സഹതപിക്കാന്‍ മാത്രമേ നിര്‍വാഹമുള്ളുവെന്നും ബേസില്‍ പറഞ്ഞു.
അബ്ദുള്ള ബേസിലിന്റെ കുറിപ്പ്..
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുമായി അല്പനേരം സംവദിക്കാന്‍ സാധിച്ചു.. പ്രിയ സുഹൃത്ത് Suhail Rasheed കൂടെയുണ്ടായിരുന്നു.. ജെന്‍ഡര്‍ പൊളിറ്റിക്സും അതിന് പിന്നിലെ ജീവിതങ്ങളും ആശയങ്ങളും കുറഞ്ഞ സമയത്തില്‍ ഒതുങ്ങിയാണെങ്കിലും ചര്‍ച്ച ചെയ്യാനായി, അല്‍ഹംദുലില്ലാഹ്..
എഡിറ്റ് : നാസ്തിക ഗ്രൂപ്പുകളില്‍ നിന്ന് ലിങ്ക് കിട്ടി മറ കണ്ട് കുരു പൊട്ടിക്കാന്‍ വന്നവരോട്, ഈ ക്ലാസില്‍ പറയുന്നതൊക്കെ ഒന്ന് കേള്‍ക്കണമായിരുന്നു, കുറച്ച് ചോദിക്കാനുണ്ടായിരുന്നു എന്നൊക്കെ വീമ്പ് പറയുന്നവരോട്, നിങ്ങളെ പോലുള്ളവരെ വിളിച്ചു കൊണ്ട് എല്ലാ ആഴ്ചയും ഞങ്ങള്‍ unmasking atheism ചാനലില്‍ ലൈവ് ഓപ്പണ്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കാറുണ്ട്.. വലിയ പുരോഗമന സിംഹങ്ങള്‍ പലരും ഒന്നില്‍ കൂടുതല്‍ തവണ വന്നിട്ടില്ല, ഇനി വല്ലാതെ ആമ്പിയര്‍ ഉണ്ടെന്ന് തോന്നുന്നെങ്കില്‍ അടുത്ത ചര്‍ച്ചയില്‍ വന്ന് ആശയപരമായി സംവദിക്കാന്‍ ധൈര്യം കാണിക്കുക..
ആണ് – പെണ് വേര്‍തിരിവുകളുടെ വിഷയത്തില്‍ മതത്തിനും ലിബറല്‍ ആശയങ്ങള്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാട് ആണുള്ളത്. ആ വ്യത്യസ്തതകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവരോട് സഹതപിക്കാന്‍ മാത്രമേ നിര്‍വാഹമുള്ളൂ.. സംഘാടകര്‍ ചിലവ് വഹിച്ച് നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ സൗകര്യം പരിഗണിച്ച് അവര്‍ മറയോ എന്തുവേണമെങ്കിലും വെക്കും. അതില്‍ അസൗകര്യമുണ്ടെങ്കില്‍ പരിപാടിക്ക് വരേണ്ടതില്ല എന്നതല്ലാതെ കിടന്ന് കുരുപൊട്ടിച്ചത് കൊണ്ട് യാതൊരു കാര്യവുമില്ല! Just show your frustration and go babies!

സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ നിരവധി പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് ഇതിനെതിരെ ഉയരുന്നത്. ലിംഗഭേദമെന്യേ രോഗികളെ ചികിത്സിച്ചേണ്ടവരെ ഇത്തരത്തില്‍ മറകെട്ടിഅടച്ച് എന്ത് സന്ദേശമാണ് നല്കാന് ശ്രമിക്കുന്നതെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. ഇവര്‍ പഠിച്ചിറങ്ങുമ്പോള്‍ നാളെ രോഗികളെ ചികിത്സിക്കുമ്പോഴും ഈ മറ കെട്ടുമോ എന്നാണ് പരിഹസിക്കുന്നവര്‍ ചോദിക്കുന്നത്.



