
ആലപ്പുഴ: വിവാദ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ രാജിവെച്ചത് രണ്ടാം പിണറായി സർക്കാറിന് തിരിച്ചടിയായിക്കുകയാണ്. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാംവാർഷികം ആഘോഷിച്ച് ഒരുമാസം പിന്നിടുമ്പോഴാണ് സജി ചെറിയാന് മന്ത്രിപദം ഒഴിയേണ്ടി വന്നത്. ഇതോടെ സജി ചെറിയാന് പകരം ആര് മന്ത്രിസഭയിൽ എത്തും എന്നതാണ് കേരളം ആകാംഷയോടെ കാത്തിരിക്കുന്നത്. ഇതിനിടയിൽ പലരുടെയും പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ട്. അതേസമയം സജി ചെറിയാന്പകരം ആലപ്പുഴക്കാരൻ തന്നെ മന്ത്രിസഭയിലെത്തുമോയെന്നാണ് ഇനി അറിയാനുള്ളത്.
മന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്ന് കേൾക്കുന്നത് മൂന്ന് പേരുകളാണ്. ആലപ്പുഴയിൽ നിന്ന് പി .പി ചിത്തരഞ്ജൻ, കൊല്ലത്ത് നിന്നും മുകേഷ്, കണ്ണൂരിൽ നിന്നും എ.എൻ ഷംസീർ എന്നിവരുടേതാണ്. വ്യാഴാഴ്ച ചേരുന്ന പാർട്ടി സെക്രട്ടറിയേറ്റ് യോഗം ഈ കാര്യം ചർച്ച ചെയ്യും. പകരക്കാരനെ മന്ത്രിസഭയിൽ ഉടൻ എത്തിക്കണമോ എന്ന ചോദ്യത്തിന് അധികം വൈകാതെ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ. സജി ചെറിയാൻ (ചെങ്ങന്നൂർ) ഉൾപ്പെടെ ആറ് എംഎൽഎമാരാണ് സിപിഐഎമ്മിന് ആലപ്പുഴ ജില്ലയിലുള്ളത്. അരൂർ അംഗം ദലീമ ജോജോ, ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജൻ, അമ്പലപ്പുഴയിൽ നിന്ന് എച്ച് സലാം, കായംകുളം എംഎൽഎ യു പ്രതിഭ, മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ എന്നിവർ. ഇതിൽ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി പി ചിത്തരഞ്ജന്റെ പേര് പാർട്ടി പരിഗണിക്കാനും സാധ്യതയുണ്ട്. അതേസമയം കണ്ണൂരിൽ നിന്നുളള എ എൻ ഷംസീറിന്റെ പേരും സജീവ പരിഗണനയിലുണ്ട്.



