
വാഷിങ്ടൺ: നീണ്ട കോവിഡ് കാലത്തിനു ശേഷം വരുന്ന അവധിക്കാലം ആഘോഷിക്കാൻ ബാഗ് പാക്ക് ചെയ്തിറ ങ്ങിയ മലയാളികൾ അടക്കമുള്ളവരെ വലച്ചുകൊണ്ട് അമേരിക്കയിൽ വിമാനങ്ങൾ തുടർച്ചയായി വൈകുന്നു. യാത്രക്ക് തയ്യാറായി വിമാനതാവളത്തിൽ എത്തിയവരുടെ നീണ്ട ക്യൂ ആണ് ഈ ദിവസങ്ങളിൽ ദൃശ്യമായത്. അവധിക്കാലം പ്രമാണിച്ച് ഉയർന്ന നിരക്കിൽ കേരളത്തിലേക്ക് ടിക്കറ്റ് എടുത്തവർക്ക് ഇത് ഇരട്ട പ്രഹരമായി.
ഇക്കഴിഞ്ഞ ദിവസം വരെ 3233 ഡൊമസ്റ്റിക് വിമാനങ്ങളാണ് വൈകിയത്. തിങ്കളാഴ്ച വൈകുന്നേരം വരെ 251 വിമാനങ്ങൾ റദ്ദാക്കി. ചൊവ്വാഴ്ചയും നൂറോളം വിമാനങ്ങളാണ് യാത്ര വേണ്ടെന്നു വച്ചത്.

കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും അമേരിക്കയിൽ വിമാന ഗതാഗതം പഴയ രീതിയിലേക്ക് മടങ്ങി എത്തിയിട്ടില്ല. അവധിക്കാലം തുടങ്ങുന്നതോടെ ഇത് കടുത്ത യാത്രാക്ലേശത്തിന് കാരണമാകുന്നത് കണ്ട് അടിയന്തിര പരിഹാരം കാണാനാണ് അധികൃതർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ടിക്കറ്റുകൾ ബുക്ക് ചെയ്തവരുടെ പരാതികൾ കണക്കിലെടുത്ത് നഷ്ടപരിഹാരത്തുക നൽകാനും ആലോചനയുണ്ടെന്ന് ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി വ്യക്തമാക്കി.



