2020 ല്‍ ദി സണ്‍ എന്ന മാദ്ധ്യമം അലീന കബേവ എന്ന ജിംനാസ്റ്റിക്സ് താരത്തെ കുറിച്ച് ഒരു വാര്‍ത്ത നല്‍കി .
താരത്തിന്റെ കളിക്കളത്തില്‍ നിന്നുള്ള തിരോധാനത്തെ കുറിച്ചായിരുന്നു വാര്‍ത്ത . വാര്‍ത്ത ലോകമെമ്ബാടും ചര്‍ച്ച ചെയ്യപ്പെട്ടു , റഷ്യ ഒഴികെ, റഷ്യയിലെ ഔദ്യോഗിക മാദ്ധ്യമങ്ങള്‍ അന്ന് നിശബ്ദത പാലിച്ചു. കാരണം അലീന കബേവ മറ്റാരുമല്ല റഷ്യയുടെ രഹസ്യ പ്രഥമവനിത , . അഭിനവ സാര്‍ ചക്രവര്‍ത്തിയെന്ന് എതിരാളികള്‍ വിശേഷിപ്പിക്കുന്ന വ്ലാഡിമിര്‍ പുടിന്റെ പ്രിയ കാമുകി.
റഷ്യ-യുക്രെയ്ന്‍ യുദ്ധം ചര്‍ച്ചയാകുമ്ബോള്‍ റഷ്യന്‍ അലീന കബേവ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഒളിമ്ബിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് അലീന കബേവ (38) റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ദീര്‍ഘകാല കാമുകിയാണെന്ന് കരുതപ്പെടുന്നു. അതേസമയം, പുടിന്റെ ഇരട്ടക്കുട്ടികളുടെ അമ്മയാണ് ഇവര്‍ എന്ന വാദവും ഉയരുന്നുണ്ട്.
ഏറെ നാളായി മാദ്ധ്യമങ്ങളുടെ കണ്ണില്‍ പെടാതെ പോയെങ്കിലും ഇപ്പോഴിതാ വീണ്ടും ചര്‍ച്ചയായതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി കാര്യങ്ങളും അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.1983 മെയ് 12 ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉസ്ബെക്കിസ്ഥാനിലാണ് അലീന കബേവ ജനിച്ചത് . കബേവ ഒരു കായിക കുടുംബത്തിലാണ് വളര്‍ന്നത്. അച്ഛന്‍ മറാട്ട് കബേവ് ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കാരനായിരുന്നു.
മൂന്ന് വയസ്സുള്ളപ്പോള്‍, കബേവ തന്റെ കായിക ജീവിതം ആരംഭിച്ചു . കൗമാരപ്രായത്തില്‍ എത്തിയപ്പോഴേക്കും റിഥമിക് ജിംനാസ്റ്റിക്സില്‍ വളര്‍ന്നുവരുന്ന താരമായി മാറി. 2004 ഒളിമ്ബിക്സ് ഗെയിംസില്‍ സ്വര്‍ണവും 2000ല്‍ സിഡ്‌നിയില്‍ വെങ്കലവും നേടി. 2 ഒളിമ്ബിക്‌സ് മെഡലുകള്‍, 14 ലോക ചാമ്ബ്യന്‍ഷിപ്പ് മെഡലുകള്‍, 21 യൂറോപ്യന്‍ ചാമ്ബ്യന്‍ഷിപ്പ് മെഡലുകള്‍ എന്നിവ നേടിയ കബേവ ഏറ്റവും മികച്ച ജിംനാസ്റ്റുകളില്‍ ഒരാളാണ്.
ജിംനാസ്റ്റിക്സില്‍ നിന്ന് വിരമിച്ച അലീന കബേവ രാഷ്‌ട്രീയത്തിലും ഒരു കൈ നോക്കി . പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് 2007-നും 2014-നും ഇടയില്‍ റഷ്യന്‍ പാര്‍ലമെന്റിലും അവര്‍ അംഗമായിരുന്നു.2014ല്‍ റഷ്യയിലെ ഏറ്റവും വലിയ മാദ്ധ്യമ കോര്‍പറേറ്റ് സ്ഥാപനമായ നാഷനല്‍ മീഡിയ ഗ്രൂപ്പിന്റെ ചെയര്‍പഴ്സന്‍ സ്ഥാനവും ഇവര്‍ക്കു ലഭിച്ചു
2008ലാണ് ഇവര്‍ പുടിനുമായി അടുത്തതെന്ന് കരുതപ്പെടുന്നു. അന്ന് പുടിന് 56 വയസ്സായിരുന്നു. മോസ്കോ ആസ്ഥാനമാക്കി മാദ്ധ്യമ വ്യവസായിയും മുന്‍ കെജിബി ചാരനുമായ അലക്സാണ്ടര്‍ ലെബെദേവ് നടത്തുന്ന ഒരു മോസ്കോ പത്രമാണ് ഇവര്‍ തമ്മിലുള്ള ബന്ധം പുറത്തറിയിച്ചത്. അത് റഷ്യയിലെ ഒരു ദേശീയ വിവാദമായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല.
അക്കാലത്ത് പുടിന്‍ വിവാഹിതനായിരുന്നു. യുവതികളായ പുത്രിമാരുമുണ്ടായിരുന്നു. 5 വര്‍ഷങ്ങള്‍ക്കു ശേഷം, തന്റെ ഭാര്യ ല്യൂദ്മില്ലയെ പുടിന്‍ വിവാഹമൊഴിയുകയും ചെയ്തു. ഇതോടെ അലീനയുടെ മേല്‍ റഷ്യക്കാരുടെ ശ്രദ്ധ ശക്തമായി. പുടിന്‍ ഇവരെ വിവാഹം കഴിക്കുമെന്നായിരുന്നു ഉയര്‍ന്ന അഭ്യൂഹങ്ങള്‍. അതേസമയം വിവാഹം ഇതുവരെ നടന്നിട്ടില്ല . എന്നാല്‍ അലീന ഇടയ്‌ക്ക് വിവാഹമോതിരം ധരിച്ച് പൊതുവേദിയില്‍ എത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.



