ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിനായി ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുകയാണ്. ലോഡ്സ് ടെസ്റ്റ് സമ്മാനിച്ച ആവേശം അത്രയും വലുത് തന്നെയായിരുന്നു. ലീഡ് ഉയര്‍ത്താന്‍ ആത്മവിശ്വാസത്തോടെ ഇന്ത്യ ഇറങ്ങുമ്ബോള്‍ തങ്ങളുടെ തറവാട്ട്മുറ്റത്ത് വഴങ്ങിയ തോല്‍വിക്ക് മറുപടി പറയാന്‍ ഉറച്ചാകും റൂട്ടും സംഘവും എത്തുന്നത്. അതേസമയം മൂന്നാം ടെസ്റ്റില്‍ ടീം ഇന്ത്യ പ്ലെയിങ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തുമോ എന്ന ചര്‍ച്ചകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ സജീവമായിരുന്നു.
ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലയെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി തുറന്ന് പറഞ്ഞിരിക്കുകയാണ്. മൂന്നാം ടെസ്റ്റിന് മുന്‍പായി പത്രസമ്മേളനത്തിലാണ് കോഹ്ലി ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ടെസ്റ്റ് മത്സരം ജയിച്ച ടീമില്‍ നിന്നും മാറ്റങ്ങള്‍ നടത്തുവാനായി താന്‍ ഒട്ടും ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞ വിരാട് കോഹ്ലി ആരെങ്കിലും ഗുരുതര പരിക്കിന്റെ പിടിയിലായാല്‍ മാത്രമേ ഇന്ത്യന്‍ ടീമിന്റെ പ്ലെയിംഗ് ഇലവനില്‍ ഒരു മാറ്റത്തിനായി സാധ്യതകളുള്ളൂ എന്നും വിശദമാക്കി. നിലവില്‍ ഇന്ത്യന്‍ സ്ക്വാഡില്‍ ആര്‍ക്കും പരിക്കിന്റെ ആശങ്കകള്‍ ഇല്ലെന്നും വിരാട് കോഹ്ലി വ്യക്തമാക്കി. ‘മൂന്നാം ടെസ്റ്റിന് മുന്നോടിയായി ടീമില്‍ എന്തേലും മാറ്റങ്ങള്‍ വരുത്തേണ്ട ഒരു ആവശ്യവും ഇല്ല. എന്തിനാണ് ജയിച്ച ടീമില്‍ മാറ്റങ്ങള്‍. ആര്‍ക്കും പരിക്കില്ല എങ്കില്‍ രണ്ടാം ടെസ്റ്റില്‍ കളിച്ച സെയിം ടീമാകും ലീഡ്സില്‍ കളിക്കാനായിട്ടും എത്തുക’- കോഹ്ലി പറഞ്ഞു.
അതേസമയം മൂന്നാം മത്സരം നടക്കുന്ന ലീഡ്സിലെ പിച്ച് തന്നെ ഏറെ അമ്പരപ്പിച്ചതായി പറഞ്ഞ വിരാട് കോഹ്ലി താന്‍ അല്‍പ്പം കൂടി പുല്ലുകള്‍ പിച്ചില്‍ പ്രതീക്ഷിച്ചിരുന്നതായി തുറന്ന് പറഞ്ഞു. ആദ്യ രണ്ട് ടെസ്റ്റിലും നമ്മുടെ ഓപ്പണിങ് ജോഡി നല്കിയ തുടക്കം ജയത്തിലേക്കുള്ള വഴിയായി മാറി എന്നും കോഹ്ലി വിശദീകരിച്ചു.
2002ലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലീഡ്സില്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. അതിനാല്‍ തന്നെ നിലവില്‍ ഇരു ടീമുകളിലുമുള്ള കളിക്കാര്‍ ആദ്യമായാണ് ലീഡ്സില്‍ തമ്മില്‍ ടെസ്റ്റ് കളിക്കാന്‍ ഇറങ്ങുന്നത്. ഈ അവസ്ഥയില്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരുക എന്നത് നിര്‍ണായകമാകും. ബൗളര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്ന ഇംഗ്ലണ്ടില്‍ ബാറ്റിംഗ് നിരയുടെ പ്രകടനം നിര്‍ണായകമാകും.
പരമ്ബരയില്‍ പിന്നില്‍ നില്ക്കുന്ന ഇംഗ്ലണ്ടിന് താരങ്ങളുടെ പരിക്ക് ഭീഷണി വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. ലോഡ്സ് ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത മാര്‍ക്ക് വുഡ് പരിക്കേറ്റ് പുറത്തായത് അവര്‍ക്ക് വലിയ തിരിച്ചടിയാണ്. പരിക്കിന് പുറമെ ബാറ്റിങ്ങും ഇംഗ്ലണ്ടിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ക്യാപ്റ്റന്‍ ജോ റൂട്ടിനെ അമിതമായി ആശ്രയിക്കുന്ന അവസ്ഥയാണ് നിലവില്‍ ഇംഗ്ലണ്ട് ടീമിനുള്ളത്. ബാക്കിയുള്ള താരങ്ങള്‍ മികച്ച തുടക്കം നേടിയ ശേഷം വിക്കറ്റ് വലിച്ചെറിയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. മികവുറ്റ ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ നിലയുറപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നതും പോരായ്മയാണ്. എന്നാല്‍ ലോഡ്സിലെ തോല്‍വിക്ക് തക്കതായ മറുപടി നല്കാന് ഉറപ്പിച്ചായിരിക്കും ജോ റൂട്ടും സംഘവും ഇന്നിറങ്ങുക.



