കാബൂള്‍: വെെദഗ്ദ്ധ്യമുളള അഫ്ഗാന്‍ പൗരന്‍മാര്‍ രാജ്യം വിടുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും പോലുള്ള “അഫ്ഗാന്‍ വിദഗ്‍ദ്ധരെ” അമേരിക്കക്കാര്‍ കൊണ്ടുപോകുകയാണെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. അമേരിക്ക ഒഴിപ്പിക്കല്‍ ഈ മാസം 31ന് പൂര്‍ത്തിയാക്കണം. ഇതിനായി കൂടുതല്‍ സാവകാശം നല്‍കില്ലെന്നും അവസാന തീയതി നീട്ടുന്ന ഒരു തരത്തിലുളള നടപടിയും അംഗീകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
വെെദഗ്ദ്ധ്യമുളളവരെ കൊണ്ടുപോകുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ അവരോട് ആവശ്യപ്പെടുന്നതായി താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് കാബൂളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ രാജ്യത്തിന് അവരുടെ വൈദഗ്ദ്ധ്യം ആവശ്യമാണ്. അവരെ മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകരുതെന്നും സബിഹുല്ല കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്നതിനായ താന്‍ നിശ്ചയിച്ച ഓഗസ്റ്റ് 31എന്ന അവസാന തീയതിയില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ജോ ബെെഡന്‍ പറഞ്ഞിരുന്നു. അതേസമയം, യൂറോപ്യന്‍ സഖ്യകക്ഷികളില്‍ നിന്നും ബ്രിട്ടനില്‍ നിന്നും ബെെഡന്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ട്.
അഫ്‌ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ പൗരന്മാരെ കൂടാതെ അമേരിക്കയുടെ സഖ്യകക്ഷികളായ രാജ്യങ്ങളിലെ പൗരന്മാരെയും അമേരിക്കയെ സഹായിച്ച അഫ്‌ഗാന്‍ പൗരന്മാരെയും ഒഴിപ്പിക്കേണ്ടതായുണ്ട്. ഇവരുടെ എണ്ണം തന്നെ ആയിരങ്ങള്‍ വരും. ഇവരെ ഒഴിപ്പിച്ച ശേഷം അഫ്‌ഗാനില്‍ തുടരുന്ന 6000ഓളം വരുന്ന അമേരിക്കന്‍ സൈനികരെ മടക്കികൊണ്ടുവരാന്‍ പിന്നെയും ദിവസങ്ങള്‍ എടുക്കും. ഇതുകൊണ്ടാണ് ഓഗസ്റ്റ് 31ന് മുമ്പ് പിന്മാറ്റം പൂര്‍ത്തിയാകുമോ എന്ന് ഉറപ്പ് പറയാന്‍ അമേരിക്കക്ക് സാധിക്കാത്തത്.



