അമേരിക്കന്‍ വൈസ്പ്രസിഡന്റ് കമലാ ഹാരീസിന്റെ ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനം ആരംഭിച്ചു. അഫ്ഗാനിലെ മാറുന്ന സ്ഥിതിഗതികള്‍ വിശകലനം ചെയ്യാനും ഏഷ്യയിലെ അമേരിക്കയുടെ പങ്കാളിത്തം ഉറപ്പുവരുത്താനുമാണ് യാത്ര. ഇതിനിടെ അഫ്ഗാനില്‍ നിന്നും ഇനിയും ഒഴിപ്പിക്കേണ്ട ആയിരങ്ങള്‍ക്കായി സിംഗപ്പൂര്‍ ടാങ്കര്‍ എയര്‍ക്രാഫ്റ്റ് നല്‍കാമെന്ന് സമ്മതിച്ചു.

അടിയന്തിര ഘട്ടത്തിലെ സഹായത്തിന് അമേരിക്ക സിംഗപ്പൂര്‍ ഭരണകൂടത്തിന് നന്ദി അറിയിച്ചു. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയെന്‍ ലൂംഗാണ് സഹായം വാഗ്ദ്ദാനം ചെയ്തത്. സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രതിരോധ രംഗത്തും സൈബര്‍ സുരക്ഷാ രംഗത്തും പരസ്പര സഹകരണത്തിന്റെ കരാറുകള്‍ ഒപ്പുവെച്ചു. ജോ ബൈഡന്റെ ഭരണകൂടം അധികാര ത്തിലേറിയ ശേഷം ഏഷ്യന്‍ മേഖലയിലെ കമലാ ഹാരിസിന്റെ ആദ്യ സന്ദര്‍ശനമാണ് നടക്കുന്നത്. അമേരിക്ക നടത്തുന്ന ഏഷ്യന്‍ മേഖലയിലെ സൗഹാര്‍ദ്ദപരമായ ഇടപെടലിന് സിംഗപ്പൂര്‍ സുപ്രധാന കേന്ദ്രമാകുമെന്നും കമലാ ഹാരിസ് പ്രത്യാശ പ്രകടിപ്പിച്ചു.

സാമ്ബത്തിക വാണിജ്യ രംഗത്തും വിനോദ സഞ്ചാര മേഖലയിലുമടക്കം സിംഗപ്പൂരിന്റെ പ്രാധാന്യം അമേരിക്ക എടുത്തുപറഞ്ഞു. ചൈനയുടെ ഏഷ്യയിലെ വാണിജ്യ രംഗത്തെ കടന്നുകയറ്റത്തെ തടയാന്‍ സിംഗപ്പൂരിന്റെ ശക്തമായ സാന്നിദ്ധ്യം അനിവാര്യമാണെന്നും കമല കൂട്ടിച്ചേര്‍ത്തു.