സിപിഎം സംഘടനാ സമ്മേളനങ്ങള്‍ അടുത്ത മാസം തുടങ്ങാനിരിക്കെ ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത കീഴ്ഘടകങ്ങളിലേക്ക് വ്യാപിക്കുന്നു. ആലപ്പുഴ നോര്‍ത്ത് ഏരിയയിലെ കൊമ്മാടി ലോക്കല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍നിന്ന് സ്ഥലം എംഎല്‍എ കൂടിയായ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി. ചിത്തരഞ്ജനെ ഒഴിവാക്കിയതാണ് പാര്‍ട്ടിയില്‍ ചര്‍ച്ചയായത്.

കൊമ്മാടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നാണ് മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ആദരിക്കുകയും വിദ്യാര്‍ഥികളെ അനുമോദിക്കുകയും ചെയ്യുന്ന പരിപാടി. മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടകന്‍. പരിപാടിക്കായി എല്‍സി സെക്രട്ടറിയുടെ പേരിലിറങ്ങിയ നോട്ടീസില്‍ എംഎല്‍എ ഒഴികെയുള്ള നേതാക്കളുടെ പേരുണ്ട്. വി.എസ് പക്ഷത്തെ മുതിര്‍ന്ന നേതാവായ വി.എസ്. മണി, ഏരിയ സെക്രട്ടറി വി.ബി. അശോകന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ മറ്റെല്ലാ ലോക്കല്‍ കമ്മിറ്റി പരിധിയിലും ചിത്തരഞ്ജന് നല്ല ലീഡ് ലഭിച്ചപ്പോള്‍ കൊമ്മാടിയില്‍ ലീഡ് കുത്തനെ കുറഞ്ഞത് നേരത്തെ തന്നെ വിവാദമായിരുന്നു. കെ.ജെ. പ്രവീണ്‍, വി.എസ്. മണി, കെ.എക്സ്. ജോപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ലോക്കല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം. 15 അംഗ കമ്മിറ്റിയില്‍ ഒരു വിഭാഗം ഇവര്‍ക്കെതിരാണ്. മുന്‍മന്ത്രി ജി. സുധാകരനെതിരെയുള്ള ഒരുവിഭാഗത്തിന്റെ നീക്കങ്ങളും താഴെത്തട്ടിലെ വിഭാഗീയതയ്ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്ബലപ്പുഴയില്‍ ഇടത് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ സുധാകരന്‍ ശ്രമിച്ചെന്ന പേരില്‍ ആരോപണവുമായി രംഗത്തെത്തിയ എ.എം. ആരിഫിനൊപ്പം നിലയുറപ്പിച്ചിരുന്ന സജി ചെറിയാന്‍, പാര്‍ട്ടി സംഘടനാ സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ അത് സംഘടനാതലത്തില്‍ തനിക്ക് ദോഷകരമാകുമെന്ന് കണ്ട് പിന്മാറുകയായിരുന്നു. ഇതേസമയം പരോക്ഷമായിട്ടെങ്കിലും സുധാകരനെ അനുകൂലിക്കുന്ന നിലപാടാണ് ചിത്തരഞ്ജന്‍ സ്വീകരിച്ചത്.

ജില്ലയിലെ പാര്‍ട്ടി ഘടകം കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്ന സജി ചെറിയാന് ചിത്തരഞ്ജനുമായി സംഘടനാപരമായ തര്‍ക്കങ്ങളുമുണ്ട്. അതിനാലാണ് സ്വന്തം തട്ടകത്തില്‍ തന്നെ വെട്ടിനിരത്തലെന്ന് സൂചനയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രശ്നങ്ങള്‍ക്ക് പുറമെ ദേശീയപാത വിവാദം കൂടി ആരിഫ് എടുത്തിട്ടതോടെ അത് പാര്‍ട്ടിക്ക് പുറത്തുള്ള വ്യക്തി വൈരാഗ്യത്തിന്റെ തീപ്പൊരി കൂടിയാണെന്ന് ബ്രാഞ്ച് തലം മുതല്‍ പാര്‍ട്ടിക്കാര്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നു. ഇത് മുതലെടുക്കാനുള്ള നീക്കമാണ് ജില്ലയിലെ സുധാകര വിഭാഗം നടത്തുന്നത്.

സമ്മേളനങ്ങള്‍ക്ക് മുമ്ബ് തന്നെ ഇതിനുള്ള നീക്കം തുടങ്ങി. അടുത്ത മാസം മുതല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ ജില്ലയില്‍ തുടങ്ങുമ്ബോള്‍ നേതാക്കളുടെ പേരില്‍ പലതട്ടിലുള്ള ഗ്രൂപ്പുകള്‍ കീഴ്ഘടകങ്ങളില്‍ മേധാവിത്തം ഉറപ്പിക്കാന്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്.