ന്യൂഡല്‍ഹി: രാജ്യത്ത് തല്‍ക്കാലം കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ബൂസ്റ്റര്‍ ഡോസ് വേണ്ടെന്നാണ് നീതി ആയോഗ് തീരുമാനം. ആരോഗ്യ രംഗത്തെ വിദഗ്ദ്ധരും ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടില്ലെന്നാണ് വിദഗ്ദ്ധ സമതി അദ്ധ്യക്ഷന്‍ വി കെ പോള്‍ പറയുന്നത്.

കൊവിഡ് വാക്സിന്‍ രണ്ടുഡോസ് എടുത്താലും ഡെല്‍റ്റ വകഭേദത്തെ ചെറുക്കാനാവില്ലെന്ന് അഭിപ്രായം ഉയര്‍ന്നതോടെയാണ് ബൂസ്റ്റര്‍ഡോസ് നല്‍കണമെന്ന ആവശ്യം ഉണ്ടായത്. എന്നാല്‍, രണ്ടുഡോസ് എടുത്തവരില്‍ കൊവിഡ് വരുന്നത് വളരെ കുറവാണെന്നതും വീണ്ടും രോഗം വന്നാല്‍ തന്നെ ഭൂരിഭാ​ഗം പേര്‍ക്കും ​ഗുരുതരമാവില്ലെന്നതും ആശ്വാസകരമാണ്.

അമേരിക്ക ഉള്‍പ്പടെയുള്ള പല സമ്ബന്നരാജ്യങ്ങളും ബൂസ്റ്റര്‍ ഡാേസ് നല്‍കിത്തുടങ്ങിയിട്ടുണ്ടെങ്കിലും ഇത് തല്‍ക്കാലം ആവശ്യമില്ലെന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന. സമ്പന്ന രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസിനായി വാക്സിന്‍ വാങ്ങിക്കൂട്ടുന്നത് ദരിദ്ര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വാക്സിന്‍ കിട്ടാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്നും അതിനാല്‍ ബൂസ്റ്റര്‍ഡോസ് തല്‍ക്കാലം മരവിപ്പിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമ്ബന്ന രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് ഇപ്പോഴും തുടരുകയാണ്. ഇന്ത്യയുള്‍പ്പടെയുള്ള പല രാജ്യങ്ങളിലും ഏറെപ്പേര്‍ക്ക് ഇനിയും വാക്സിന്‍ ലഭിച്ചിട്ടില്ല.