പോര്‍ട്ട് ഓ പ്രിന്‍സ്: പടിഞ്ഞാറന്‍ ഹെയ്തിയില്‍ ശക്തമായ ഭൂകമ്ബത്തില്‍ ആയിരക്കണക്കിന് ആളുകള്‍‌ കൊല്ലപ്പെട്ടു. തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സിന് 150 കിലോമീറ്റര്‍ പടിഞ്ഞാറ്, പെറ്റിറ്റ് ട്രൂ ഡി നിപ്പസ് പട്ടണത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്ബം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു.

ശനിയാഴ്ച റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ കെട്ടിടങ്ങള്‍ തകരുമെന്ന ഭീതിയില്‍ ആളുകള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്തു. ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

പര്‍വത രാജ്യമായ ഹെയ്തിയില്‍ ഭൂകമ്ബത്തില്‍ ആയിരക്കണക്കിന് മരണങ്ങളും പതിനായിരക്കണക്കിന് ആളുകള്‍ക്ക് പരിക്കുകളും പറ്റിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതുവരെയും മരണം സംബന്ധിച്ച കൃത്യമായ വിവരം നല്‍കാന്‍ അധികൃതര്‍ക്കും കഴിഞ്ഞിട്ടില്ല. ഉയര്‍ന്ന നാശനഷ്ടങ്ങള്‍ ഉണ്ടാകാം, ദുരന്തം വ്യാപകമാകാന്‍ സാധ്യതയുണ്ട് എന്നായിരുന്നു ഭൂകമ്ബത്തിന് ഒരു മണിക്കൂറിനുശേഷം യുഎസ്ജിഎസ് നിന്നുള്ള ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

ഹെയ്തിയുടെ സിവില്‍ പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ ജെറി ചാന്‍ഡലര്‍ മരണം സംഭവിച്ചുവെന്ന് സ്ഥിരീകരിച്ചെങ്കിലും മരണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ലഭ്യമല്ല എന്നും വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍, തകര്‍ന്ന വീടുകളും അവശിഷ്ടങ്ങളും റോഡിലുടനീളം തെറിച്ചുവീണതും ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്നതാണ്.

ഭൂകമ്ബത്തെ തുടര്‍ന്നുള്ള സാമ്ബത്തിക നഷ്ടം ദശലക്ഷക്കണക്കിന് വരുമെന്നാണ് റിപ്പോര്‍ട്ട്. 11 വര്‍ഷം മുമ്ബുണ്ടായ ഭൂകമ്ബത്തില്‍ 2,50,000 പേര്‍ കൊല്ലപ്പെടുകയും 3,00,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 1.5 ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു.