തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിവസവും അഞ്ച് ലക്ഷത്തിലേറെപ്പേര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 5,08,849 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. അതില്‍ 4,39,860 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 68,989 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആരലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കി..
കഴിഞ്ഞ ദിവസം 5.60 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 60 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. ഇനിയാരെങ്കിലും ഈ വിഭാഗത്തില്‍ വാക്‌സിനെടുക്കാനുണ്ടെങ്കില്‍ എത്രയും വേഗം തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണെന്ന് മന്ത്രി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.



