ടെക്സസ് ∙ ഡാലസിലെ കേ ബെയ്‍ലി ഹച്ചിസൺ കൺവെൻഷൻ സെന്ററിൽ കഴിഞ്ഞ 17 മാസത്തിലാദ്യമായി 6000 കോർപ്പറേറ്റ് ഭാരവാഹികൾ പങ്കെടുക്കുന്ന ഏഷ്യൻ അമേരിക്കൻ ഹോട്ടൽ ഓണേഴ്സ് അസോസിയേഷന്റെ കൺവെൻഷൻ നടക്കുകയാണ്. ബുധനാഴ്ച ആരംഭിച്ച കൺവെൻഷനിൽ മുഖ്യാതിഥിയായി ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് പങ്കെടുത്തു. ഏഷ്യൻ അമേരിക്കൻസ് ടെക്സസിലെ ഹോട്ടലുകളുടെ 89% ഉടമസ്ഥരാണെന്ന് ഓക്സ്‍ഫോർഡ് എക്കണോമിക്സും ഏഷ്യൻ അമേരിക്കൻ ഹോട്ടൽ ഓണേഴ്സ് അസോസിയേഷനും (അഹോയ) ചേർന്ന് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

യുഎസിലെ മൊത്തം ഹോട്ടലുകളുടെ 60% ഏഷ്യൻ അമേരിക്കകാരുടേതാണ്. ദേശീയതലത്തിലെ വിൽപനയിൽ 680 ബില്യൺ ഡോളറും ഇവരുടേതാണ്. ഇത് ആഗോളതലത്തിൽ വാൾമാർട്ട് നേടുന്ന വാർഷിക വരുമാനത്തിനെകാൾ കൂടുതലാണ്. ഓക്സ്ഫോർഡ് ഇക്കണോമിക്സിന്റെ ലോഡ്ജിംഗ് അനാലിറ്റിക്സ് ഡയറക്ടർ ആരൻ റയാൻ പറഞ്ഞു. രണ്ടു വർഷം മുൻപ് ആരംഭിച്ച ഈ പഠനം മഹാമാരിക്ക് മുമ്പ് എല്ലാ അഹോയ അംഗ ഹോട്ടലുകളിൽ നിന്നും ശേഖരിച്ച വിവരം വിശകലനം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്. ഡാലസിൽ നടക്കുന്ന കൺവെൻഷനിലാണ് റിപ്പോർട്ട് ആദ്യമായി അവതരിപ്പിച്ചത്. ടെക്സസിലെ ലീഷർ ആന്റ് ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ അഹോയ്ക്കുള്ള സ്വാധീനം ഇത് വ്യക്തമാക്കി.

ഏഷ്യൻ അമേരിക്കൻ ഉടമസ്ഥതയിലുള്ള ഹോട്ടൽ സമ്പത്തുകളെ കുറിച്ചും അവയുടെ സ്വാധീനത്തെക്കുറിച്ചും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സമഗ്രമായ ഒരു പഠനവും നടത്തിയിട്ടില്ലെന്ന് അഹോയ പറയുന്നു. 1989 ൽ അഹോയ ആരംഭിച്ചത് വിവേചന പൂർണമായ വായ്പയെയും വ്യവസായ പ്രായോഗികതയെയും നേരിടാനാണെന്ന് നേതാക്കൾ പറയുന്നു. അഹോയയുടെ താൽക്കാലിക പ്രസിഡന്റും സിഇഒയുമായ കെൻ ഗ്രീൻ പറഞ്ഞത് ടെക്സസിലെയും അർക്കൻസയിലെയും തന്റെ സഹപ്രവർത്തകരുടെ സ്വാധീനശക്തി കണ്ട് താൻ അത്ഭുതപ്പെട്ടു എന്നാണ്. അർക്കൻസയിലും ഹോട്ടൽ സമ്പത്ത് വളരെ ഉയർന്ന തോതിൽ ഏഷ്യൻ അമേരിക്കക്കാർക്കുണ്ട്.

ഹോട്ടലുകളുടെ ഉടമസ്ഥരായ ഈ സ്ത്രീകളിലും പുരുഷന്മാരിലും ഒരു വലിയ ശതമാനം ഹോട്ടലുകളുടെ ഫ്രണ്ട് ഡസ്കിൽ ഇരിക്കുന്നു. ഹൗസ് കീപ്പിംഗും മെയിന്റനൻസും സ്വയം ചെയ്യുന്നു. യഥാർഥത്തിൽ ഇതാണ് അമേരിക്കൻ സ്വപ്നം, ഗ്രീൻ പറഞ്ഞു. ഓക്സ്ഫോർഡ് ഇക്കണോമിക്സിന്റെയും അഹോയുടെയും പഠന റിപ്പോർട്ട് യുഎസ് തൊഴിൽ മേഖലയെ കുറിച്ചും സമൂഹത്തിലെ സ്വാധീനത്തെക്കുറിച്ചും ഒരു വലിയ ധാരണ ഉണ്ടാക്കുവാനും രാഷ്ട്രീയ നേതാക്കളെ സ്വാധീനിക്കുവാനും സഹായിക്കുമെന്ന് അസോസിയേഷൻ കരുതുന്നു. ഇപ്പോൾ അസോസിയേഷൻ സേവ് ഹോട്ടൽ ജോബ്സ് ആക്ട് പാസാക്കുവാൻ യുഎസ് കോൺഗ്രസിന് മേൽ സമ്മർദ്ദം ചെലുത്തുന്നു. ഇത് ഹോട്ടലുടമകളെ പേ റോൾ എക്സ്പെൻസ് ഗ്രാന്റിന് അപേക്ഷിക്കുവാൻ സഹായിക്കും.

നിർബാധം യാത്ര ചെയ്യുവാൻ അനുവാദം ഇല്ലാത്തതും ജോലിക്കാരെ കണ്ടെത്തുവാൻ കഴിയാത്തതും ഇക്കോണമിയുടെ തിരിച്ചുവരവിന് തടസമായി ചെയർമാൻ ബിരൻ പട്ടേൽ കാണുന്നു. കോർപ്പറേറ്റ് യാത്രകൾ തിരിച്ചുവരണം. ഇല്ലെങ്കിൽ നാം പ്രശ്നങ്ങളിൽ നിന്ന് പുറത്ത് കടക്കുകയില്ല. യുഎസിലെ പല ഹോട്ടൽ മാർക്കറ്റുകളും (ഡാലസ് ഉൾപ്പടെ) ഇപ്പോഴും സാമ്പത്തിക മാന്ദ്യ വ്യവസ്ഥകൾ നേരിടുന്നു. അമേരിക്കൻ ഹോട്ടൽ ആന്റ് ലോഡ്ജിംഗ് അസോസിയേഷൻ 2023 വരെ ഈ വ്യവസായത്തിന് ഒരു വീണ്ടെടുക്കൽ പ്രതീക്ഷിക്കുന്നില്ല.

തൊഴിൽ നഷ്ടപ്പെട്ട ധാരാളം ഹോട്ടൽ തൊഴിലാളികൾ മറ്റ് മേഖലകളിൽ ജോലി തേടി പോയപ്പോൾ തങ്ങളെ ഒഴിവാക്കിയതായി ഹോട്ടലുടമകൾക്ക് തോന്നി. ആമസോൺ, ഷിപ്പോട്ടിൽ പോലെയുള്ള കമ്പനികൾ മണിക്കൂറിന് 20 മുതൽ 22 ഡോളർ വരെ നൽകുന്നു. ഹോട്ടലുകൾക്ക് ഇത്രയും വേതനം നൽകാനാവില്ല, ഗ്രീൻ പറഞ്ഞു. ‍ഡൗൺടൗൺ ഡാലസിൽ മഹാമാരി ആരംഭിച്ചതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ കോർപ്പറേറ്റ് സമ്മേളനമായി അഹോയയുടെ വാർഷികം മാറി.

സമ്മേളനത്തെ അഭിസംബോധന ചെയ്ത ഗവർണർ മഹാമാരി മൂലം ഇനി നിർബന്ധിത അനുശാസനകൾ ഒന്നും ഉണ്ടാവില്ലെന്ന് ഉറപ്പു നൽകി.

വാക്സീനുകൾ ആവശ്യമുള്ളവർക്ക് ലഭ്യമാണെന്ന് പറഞ്ഞു. മാസ്ക് ധരിക്കുന്നതിനോ വാക്സീൻ എടുക്കുന്നതിനോ നിർബന്ധിക്കുന്ന നിയമങ്ങൾ ഒന്നും ഇല്ല എന്ന് ആബട്ടിന്റെ ഉറപ്പ് പരോക്ഷമായി പറഞ്ഞു. എന്നാൽ മാസ്ക് നിർബന്ധമല്ല എന്ന് മുൻപ് പുറപ്പെടുവിച്ച എക്സിക്യുട്ടീവ് ഓർഡറിൽ തീരുമാനം അതത് സ്ഥാപനം ഉടമകൾക്ക് വിടുകയാണ് ഗവർണർ ചെയ്തത്. അതിനാൽ ഇപ്പോഴും സ്ഥാപനത്തിനുള്ളിൽ പ്രവേശിക്കുവാൻ മാസ്ക് നിർബന്ധമാണെന്ന് ശഠിക്കുന്ന സ്ഥാപന ഉടമകളാണ് ഭൂരിപക്ഷവും.

തിരഞ്ഞെടുക്കപ്പെടുന്ന അധികാരികൾ പ്രോ ബിസിനസ് ആയിരിക്കണം എന്ന് പട്ടേൽ പറഞ്ഞു. ആബട്ടും അദ്ദേഹത്തിന്റെ ടീമും വളരെ വിജയകരമായി മഹാമാരി ഉയർത്തിയ പ്രശ്നങ്ങൾ നേരിട്ടു. മറ്റ് സംസ്ഥാനങ്ങളിൽ പലതിലും ഇങ്ങനെ സംഭവിച്ചില്ല, കലിഫോർണിയ പോലെയുള്ള സംസ്ഥാനങ്ങളെക്കാൾ മുൻപേ നമ്മൾ (ടെക്സസ്) തുറന്നു.