കോഴിക്കോടിന് പിന്നാലെ തൃശൂർ കൊരട്ടിയിലും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആളൂർ സ്വദേശി ഹക്കിം,അങ്കമാലി സ്വദേശി നിധിൻ, മഞ്ചേരി സ്വദേശി റിഷാദ് എന്നിവരാണ് അറസ്റ്റിലായത്.

അതേസമയം, കോഴിക്കോട് ചിന്താവളപ്പ് റോഡിലും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സംഭവം അതീവ ഗൗരവത്തോടെയാണ് ഐ.ബി സംഘം നോക്കിക്കാണുന്നത്. വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് ജുറൈസ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചുവന്നിരുന്നത്. കേസില്‍ കൊളത്തറ സ്വദേശി ജുറൈസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 730 സിമ്മുകളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.