ഗര്‍ഭിണിയായ വിവരം ഭര്‍ത്താവിനെ അറിയിക്കാന്‍ നിങ്ങള്‍ക്ക് പലവിധ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്, അല്ലേ? എന്നാല്‍ ഫെയ്സ്ബുക്കിലെ ഒരു മീം പേജ് അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഒരു ഭാര്യ ഗര്‍ഭിണിയായ വിവരം ഭര്‍ത്താവിനെ അറിയിക്കാന്‍ തിരഞ്ഞെടുത്ത മാര്‍ഗം സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ അവമതിപ്പാണ് ഉണ്ടാക്കിയത്.
ജൂലൈ 9-നാണ് പ്രസ്തുത വീഡിയോ ‘സര്‍ക്കാസം’ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെയ്ക്കപ്പെട്ടത്. ഗര്‍ഭിണിയാണോ എന്ന പരിശോധനയുടെ ഫലം പോസിറ്റീവ് ആണെന്ന് കാണിക്കുന്ന പ്രെഗ്നന്‍സി സ്റ്റിക്ക് ഒരു യുവതി പോപ്സിക്കിള്‍ മേക്കറില്‍ ഇടുകയും അതില്‍ ജ്യൂസ് നിറയ്ക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. തുടര്‍ന്ന് ആ പോപ്സിക്കിള്‍ മേക്കര്‍ ഫ്രിഡ്ജിന്റെ ഫ്രീസറിലേക്ക് എടുത്തു വെയ്ക്കുന്ന യുവതി അര മണിക്കൂറിന് ശേഷം അത് പുറത്തെടുക്കുന്നു. തുടര്‍ന്ന് ഐസ്ക്രീം സ്റ്റിക്കിന് പകരം പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ പോപ്സിക്കിള്‍ ആ യുവതി ഒരു സോഫയിലിരുന്ന് ഫോണ്‍ നോക്കുന്ന ഭര്‍ത്താവിന് നല്‍കുകയാണ്. ആ സ്റ്റിക്ക് എന്താണെന്ന് ശ്രദ്ധിക്കാതെ ഭര്‍ത്താവ് അലസനായി പോപ്സിക്കിള്‍ സ്വീകരിക്കുന്നു. പോപ്സിക്കിള്‍ കഴിക്കാന്‍ ആരംഭിക്കുന്ന ഭര്‍ത്താവ് ഇടയ്ക്ക് ഭാര്യയോടും വേണോ എന്ന് ചോദിക്കുന്നുണ്ട്. ക്യാമറയിലേക്ക് അത്യുത്സാഹത്തോടെ നോക്കിയിരിക്കുന്ന ഭാര്യ, ഭര്‍ത്താവിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പോപ്സിക്കിള്‍ ആണ് അതെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വാഗ്ദാനം സ്നേഹപൂര്‍വം നിരസിക്കുന്നു.
എന്നാല്‍, ആ പോപ്സിക്കിളിനിടയിലൂടെ കാണുന്ന കാഴ്ച ഭര്‍ത്താവില്‍ സംശയങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതേക്കുറിച്ച് ഭാര്യയോട് ചോദിക്കുമ്ബോള്‍ അത് ഐസ്ക്രീമാണെന്ന് പറഞ്ഞ് അവര്‍ ഭര്‍ത്താവിനെ സമാധാനിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ അദ്ദേഹം ഐസ്ക്രീം സ്റ്റിക്കിന്റെ സത്യാവസ്ഥ തിരിച്ചറിയുന്നതോടെ ഭാര്യ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു.
“നമുക്ക് ഒരു കുഞ്ഞുണ്ടാകാന്‍ പോകുന്നു” എന്ന് അതീവ സന്തോഷത്തോടെ അവര്‍ വിളിച്ചു പറയുന്നുമുണ്ട്. എന്നാല്‍, പോപ്സിക്കിളിനെ കഷണം ഇപ്പോഴും വായിലുള്ള ഭര്‍ത്താവ് ഇത് അരോചകം ആണെന്നാണ് മറുപടിയായി പറയുന്നത്.
ഈ പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റില്‍ മൂത്രം ഉപയോഗിച്ചാണോ പരിശോധന നടത്തിയത് എന്നും അദ്ദേഹം ഭാര്യയോട് ചോദിക്കുന്നുണ്ട്. അത് സമ്മതിച്ചു കൊണ്ടുള്ള പ്രതികരണമാണ് അദ്ദേഹത്തിന് ഭാര്യയില്‍ നിന്ന് ലഭിക്കുന്നത്. എന്തായാലും, കുഞ്ഞുണ്ടാകാന്‍ പോകുന്നു എന്ന വാര്‍ത്ത അറിഞ്ഞതിന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ അദ്ദേഹം ഭാര്യയെ കെട്ടിപ്പുണരുന്നു.
ഗര്‍ഭിണിയായ വിവരം ഭര്‍ത്താവിനെ അറിയിക്കാന്‍ ഈ യുവതി തിരഞ്ഞെടുത്ത മാര്‍ഗം ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ക്കിടയില്‍ അവമതിപ്പാണ് ഉളവാക്കിയത്. നിരവധി പേര് യുവതിയെ ശക്തമായി വിമര്‍ശിച്ചുകൊണ്ടുള്ള അഭിപ്രായങ്ങള്‍ വീഡിയോയ്ക്ക് താഴെ രേഖപ്പെടുത്തി. വെറുപ്പുളവാക്കുന്നത് എന്നാണ് മിക്കയാളുകളും ഈ വീഡിയോയെ വിശേഷിപ്പിച്ചത്. എന്നാല്‍ മറ്റു ചിലര്‍ക്ക് വീഡിയോ ആസ്വാദ്യകരമായും തമാശ നിറഞ്ഞതായും അനുഭവപ്പെട്ടു.



