കൗമാരപ്രായമെന്നത് എല്ലാവര്‍ക്കും സുഹൃത്തുക്കളോടൊപ്പം ഉല്ലാസകരമായി സമയം ചെലവഴിക്കുന്നതിനും ഒപ്പം തന്നെ സ്കൂളില്‍നിന്നും ഭാവിയിലേക്കു വേണ്ട പുതിയ സാധ്യതകള്‍ പഠിക്കുന്നതിനുമുള്ള ഒരു കാലഘട്ടമാണ്. എന്നിരുന്നാലും, ചില ആള്‍ക്കാരെ സംബന്ധിച്ചിടത്തോളം കൗമാരപ്രായമെന്നത് അത്രത്തോളം ആയാസരഹിതമല്ല. മാത്രവുമല്ല കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പലപ്പോഴും അവര്‍ക്ക് വലിയ ഉത്തരവാദിത്വങ്ങള്‍ ചുമലിലേറ്റേണ്ടതായും വരാം. അത്തരമൊരു കഥയാണ്‌ പഞ്ചാബില്‍ നിന്നും വരുന്നത്.

14 വയസ്സുള്ള ലവ്പ്രീത് എന്ന ആണ്‍കുട്ടിയാണ് ഈ കഥയിലെ കേന്ദ്രകഥാപാത്രം. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം ഈ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തന്റെ കുടുംബത്തിന്റെ അന്നം മുടങ്ങാതിരിക്കാന്‍ വേണ്ടി പഴങ്ങളും പച്ചക്കറികളും വില്‍ക്കാന്‍ നിര്‍ബന്ധിതനായി. ലുധിയാനയിലെ ഖന്ന പട്ടണത്തില്‍ നിന്നുള്ള ലവ്‌പ്രീതിന് കഴിഞ്ഞ വര്‍ഷം പിതാവിന്റെ മരണശേഷം ഈ ജോലി ഏറ്റെടുക്കേണ്ടി വന്നു വെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നേരത്തെ, ഒരു വീട്ടുജോലിക്കാരിയായി പണിയെടുത്തിരുന്ന അവന്റെ അമ്മയുടെ ആരോഗ്യം അടുത്തിടെ മോശമായതിനെത്തുടര്‍ന്ന് കുടുംബ ഭാരം ചുമക്കാന്‍ അവന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനുമുമ്ബ്, ലവ്‌പ്രീതിന്റെ മാതാപിതാക്കള്‍ ഖന്ന പട്ടണത്തിലെ ബസ് സ്റ്റോപ്പില്‍ ഒരു ചായക്കട നടത്താറുണ്ടായിരുന്നു. എന്നാല്‍, ലോക്ക്ഡൗണ്‍ അവരുടെ ജീവിതത്തില്‍ വളരെ വിനാശകരമായ പ്രത്യാഘാതങ്ങളാണുണ്ടാക്കിയത്. അതിനെത്തുടര്‍ന്ന് ചായക്കട അടച്ചുപൂട്ടാന്‍ അവര്‍ നിര്‍ബന്ധിതരായി.

വൃക്ക സംബന്ധമായ അസുഖങ്ങള്‍ കാരണം ലവ്‌പ്രീതിന്റെ പിതാവ് ഈയിടെ അന്തരിച്ചപ്പോള്‍ നാല് കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ കാര്യങ്ങള്‍ കൂടുതല്‍ കഠിനമായി മാറി. ഇതിനെത്തുടര്‍ന്ന് ലവ്‌പ്രീത് കുടുംബത്തെ സംരക്ഷിക്കാനായി പഴം, പച്ചക്കറി എന്നിവ വില്‍ക്കുന്ന ജോലി ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനായി. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവന്‌ തന്റെ സമയവും ഊര്‍ജ്ജവും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയുമോ എന്നുള്ള ചോദ്യത്തിന്‌ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറാന്‍ അവന്‍ ശ്രമിച്ചുവെങ്കിലും തുടര്‍ന്ന് താന്‍ പഠിക്കുന്നുണ്ടെന്ന് അവന്‍ പറഞ്ഞു.

തന്റെ ഉന്തുവണ്ടിയില്‍ പഴങ്ങളും പച്ചക്കറികളും കൊണ്ടുനടന്ന് വില്‍ക്കുന്നതിലൂടെ പ്രതിദിനം 300 രൂപയോളം വരുമാനം ഈ കുട്ടിക്ക് ലഭിക്കുന്നുണ്ട്. കുടുംബത്തിലെ നാല് സഹോദരങ്ങളില്‍ രണ്ടാമനായ ഈ കൗമാരക്കാരന്റെ മൂത്ത സഹോദരി ഇപ്പോള്‍ 12-ാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുപയോഗിക്കാന്‍ അവര്‍ നാല് സഹോദരങ്ങള്‍ക്കും കൂടി ആകെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ മാത്രമേ അവര്‍ക്ക് സ്വന്തമായുള്ളൂ. ഇപ്പോള്‍, ലവ്പ്രീതിന് തന്റെ ഭാവിയെക്കുറിച്ച്‌ വേറെ വലിയ പദ്ധതികളൊന്നുമില്ല, മാത്രമല്ല തന്റെ പഠനം വേഗത്തില്‍ പൂര്‍ത്തിയാക്കി കുടുംബത്തെ സഹായിക്കാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് അവന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കാര്യങ്ങളൊന്നും തന്നെ അത്ര നല്ലതായിരുന്നില്ലെങ്കിലും, കുടുംബത്തിലുണ്ടായ എല്ലാ ബുദ്ധിമുട്ടുകളും സധൈര്യം നേരിടുകയാണ് അവന്‍ ചെയ്തത്.