സംസ്ഥാനത്ത് കൊവിഡ് ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വ്യാഴം, വെള്ളി ദിവസങ്ങളിലായി 3.75 ലക്ഷം പേരുടെ കൂട്ടപരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്. നാളെ 1.25 ലക്ഷം പേരേയും വെള്ളിയാഴ്ച 2.5 ലക്ഷം പേരേയും പരിശോധിക്കും.

ഇന്‍ഫ്‌ളുവന്‍സ ലക്ഷണമുള്ള എല്ലാവരും, ഗുരുതര ശ്വാസകോശ അണുബാധയുള്ളവര്‍, കൊവിഡ് രോഗ ലക്ഷണങ്ങളില്ലെങ്കിലും പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവര്‍, ജനക്കൂട്ടവുമായി ഇടപെടല്‍ നടത്തുന്ന 45 വയസിന് താഴെ പ്രായമുള്ളവര്‍, വാക്‌സിനെടുക്കാത്ത 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കൊവിഡ് ബാധിതരുമായി സമ്പര്‍ക്കമുള്ളവര്‍, ഒപിയിലെ എല്ലാ രോഗികളും, കൊവിഡിതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന രോഗികള്‍ എന്നിവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്.

നിലവിലെ പരിശോധനാ കേന്ദ്രങ്ങളിലേക്കും മൊബൈല്‍ ലാബിലേക്കും ഈ സാമ്പിളുകള്‍ അയയ്ക്കുന്നതാണ്. ഇതുകൂടാതെ ടെസ്റ്റിംഗ് ക്യാമ്പുകളും സംഘടിപ്പിക്കുന്നതാണ്. പോസിറ്റിവാകുന്നവരെ നിലവിലുള്ള മാനദണ്ഡമനുസരിച്ച് ഐസൊലേറ്റ് ചെയ്യും.