പാകിസ്ഥാനിലെ ഖെെബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ പാക് സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ക്യാപ്റ്റന്‍ അടക്കം 12 സെെനികര്‍ കൊല്ലപ്പെട്ടു. മേഖയില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ ജനങ്ങളെ തീവ്രവാദികള്‍ ബന്ധികളാക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അബ്ദുള്‍ ബാസസിത് എന്ന ക്യാപ്റ്റനാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖുറാം മേഖലയില്‍ ക്യാപ്റ്റന്‍ ബാസിത് സെെനിക ഓപ്പറേഷന് നേതൃത്വം നല്‍കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തില്‍ പതിനഞ്ചോളം സെെനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് തീവ്രവാദികള്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ആറ് ടെലികോം തൊഴിലാളികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി ഇന്റര്‍- സര്‍വീസസ് പബ്ലിക് റിലേഷന്‍സിനെ (ഐ.എസ്.പി.ആര്‍) ഉദ്ധരിച്ച്‌ പാകിസ്ഥാന്‍ ന്യൂസ് ചാനലായ ജിയോ ടി.വി റിപ്പോര്‍ട്ട് ചെയ്തു. സെെന്യവുമായുളള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.